ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച സഞ്ചു സാംസണെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു ഘട്ടത്തില്‍ 4 ന് 2 വിക്കറ്റ് എന്ന നിലയില്‍ നിന്നും സഞ്ചു തുടങ്ങിവച്ച രക്ഷാപ്രവര്‍ത്തനം ഹെറ്റ്മയറിലൂടെ രാജസ്ഥാന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
32 പന്തില്‍ 3 ഫോറും 6 സിക്സും സഹിതം 60 റണ്‍സാണ് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ സ്കോര്‍ ചെയ്തത്. അതില്‍ 3 സികസ് ലോകോത്തര ബോളറായ റാഷീദ് ഖാനെതിരെ ഹാട്രിക്ക് സിക്സായിരുന്നു. ഇപ്പോഴിതാ സഞ്ചുവിന്‍റെ സിക്സടിക്കാനുള്ള പുകഴ്ത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.
“സഞ്ജു സിക്‌സറുകൾ അടിക്കുമ്പോൾ, ലോകത്തിലെ ഏത് ഗ്രൗണ്ടും ചെറുതായി തോന്നും. അവൻ അടിച്ച സിക്‌സുകളിലൊന്ന് നേരെ സബർമതി നദിയിലേക്ക് പോയതുപോലെയാണ് തോന്നിയത്. കഴിഞ്ഞ രണ്ട് കളികളിലെ രണ്ട് ഡക്കുകൾക്ക് ശേഷം, അവൻ വലിയ സ്‌കോർ ചെയ്യണമെന്ന് നിശ്ചയിച്ചു. അത് അവന്‍ നേടിയെടുക്കുകയും ചെയ്തു ” ആകാശ് ചോപ്ര പറഞ്ഞു.
ഹെറ്റ്മയര്‍ അണ്ടര്‍റേറ്റഡ്
സഞ്ചു സാംസണ്‍ പുറത്തായെങ്കിലും ഹെറ്റ്മയറാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് താൻ എന്ന് ഷിമ്രോൺ ഹെറ്റ്‌മെയർ ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞു.
രണ്ട് ബൗണ്ടറികളും അഞ്ച് കൂറ്റൻ സിക്‌സറുകളും പറത്തി 26 പന്തിൽ 56 റൺസ് നേടിയ ഹെറ്റ്‌മെയർ നാല് പന്തുകൾ ബാക്കി നിൽക്കെയാണ് റോയൽസിനെ വിജയത്തിലെത്തിച്ചത്. ഒരു ഫിനിഷർ എന്ന നിലയിൽ ഹെറ്റ്‌മെയർ വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു,
“ഷിംറോൺ ഹെറ്റ്‌മെയർ അണ്ടര്‍റേറ്റഡാണ്. അവനും മില്ലറും ഫിനിഷർമാർ എന്ന നിലയിൽ മികച്ചവരാണ്. അവൻ ബൗണ്ടറികളും സിക്‌സറുകളും അടിച്ച രീതി വളരെ മനോഹരമായിരുന്നു.” ആകാശ് ചോപ്ര കൂട്ടിചേര്‍ത്തു.
ഇതാദ്യമായാണ് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്തിനെതിരെ വിജയിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ അടക്കം 3 തവണ ഗുജറാത്തിനെതിരെ പരാജയപ്പെട്ടിരുന്നു.