രഹാനെയേ വൈസ് ക്യാപ്റ്റനാക്കിയത് മണ്ടൻ തീരുമാനം, ആ സ്ഥാനത്തിനർഹൻ മറ്റൊരാൾ എന്ന് ഗാംഗുലി

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ അജിങ്ക്യ രഹാനയെയാണ് ഉപനായകനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ സാധിക്കാതെ വന്ന രഹാനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിലൂടെയാണ് തിരികെ വന്നത്. ഫൈനലിൽ മികവാർന്ന ബാറ്റിംഗ് പ്രകടമായിരുന്നു രഹാനെ കാഴ്ചവെച്ചത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും രഹാനെ തന്റെ ബാറ്റിംഗ് കഴിവുകൾ പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ തിരിച്ചുവരവിൽ കേവലം ഒരു മത്സരം മാത്രം കളിച്ച ശേഷം രഹാനെയെ ഉപനായകനാക്കി മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തുകയുണ്ടായി. അവസാനമായി ഈ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയാണ്.

രഹാനെയെയല്ല പകരം രവീന്ദ്ര ജഡേജയെയായിരുന്നു ഉപനായകൻ ആക്കേണ്ടിയിരുന്നത് എന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. ഇക്കാര്യം കൊണ്ട് തന്നെ അത് അത്ര മികച്ച ഒരു തീരുമാനമല്ല എന്നാണ് ഗാംഗുലിയുടെ പക്ഷം. “രഹാനെയെ ഉപനായകനാക്കാനുള്ള തീരുമാനം അത്ര മികച്ചതാണെന്ന് ഞാൻ കരുതുന്നില്ല. 18 മാസങ്ങളോളമാണ് രഹാനെ ടീമിന് പുറത്തിരുന്നത്. ശേഷമാണ് രഹാനെയ്ക്ക് ഒരു ടെസ്റ്റ് മത്സരം കളിക്കാൻ അവസരം ലഭിച്ചത്. തൊട്ടുപിന്നാലെ അയാളെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനം യുക്തിരഹിതമാണ്.”- ഗാംഗുലി പറഞ്ഞു.

“ഈ തീരുമാനത്തിന് പിന്നിൽ എന്താണുള്ളത് എന്ന വ്യക്തമായ ധാരണ എനിക്കില്ല. ഇന്ത്യയെ സംബന്ധിച്ച് രവീന്ദ്ര ജഡേജ വളരെ കാലങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് ജഡേജയെ ഇന്ത്യ ക്യാപ്റ്റനാകാത്തത്? ഒരു താരം കുറച്ചധികം കാലം വിട്ടുനിന്ന ശേഷം തിരിച്ചെത്തി ഉടൻതന്നെ ഉപനായകസ്ഥാനം നൽകുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് ടീം തിരഞ്ഞെടുപ്പിലെ സ്ഥിരതയില്ലായ്മ തന്നെയാണ്.”- പ്രമുഖ മാധ്യമത്തോട് ഗാംഗുലി പറയുകയുണ്ടായി.

എന്നാൽ ഇന്ത്യയുടെ ഉപനായകൻ എന്ന നിലയിൽ മികച്ച പ്രകടനം തന്നെയാണ് രഹാനെ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. 2017-2021 കാലഘട്ടത്തിൽ കോഹ്ലിക്കൊപ്പം ഉപനായകനായി രഹാനെ കളിച്ചിരുന്നു. കോഹ്ലിയുടെ അഭാവത്തിലും ഇന്ത്യയെ വലിയ പരമ്പരകളിൽ ഇന്ത്യയെ വിജയിപ്പിക്കാൻ രഹാനേക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ തുടർച്ചയായി ഫോം ഔട്ടായ സാഹചര്യത്തിൽ ആയിരുന്നു രഹാനെയെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് പുറത്താക്കിയത്. എന്നിരുന്നാലും മികച്ച പ്രകടനത്തോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലൂടെ രഹാനെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.