കരിയർ രക്ഷിക്കാൻ സഞ്ജുവിന് മുൻപിൽ ഒരു വഴിയേ ഉള്ളു. ഉപദേശവുമായി മുൻ താരം കപിൽ ദേവ്.

ഒരുപാട് നാളുകൾക്കു ശേഷം ഇന്ത്യൻ ടീമിൽ ലഭിച്ച ഒരു സുവർണാവസരം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ സഞ്ജുവിന്റെ കരിയർ അവസാനിച്ചേക്കാം എന്ന തരത്തിലുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നു വന്നിരിക്കുന്നത്. എന്നാൽ സഞ്ജു സാംസന്റെ കാലം അവസാനിച്ചിട്ടില്ല എന്ന ഓർമ്മപ്പെടുത്തലുമായാണ് മുൻ ഇന്ത്യൻ താരം കപിൽ ദേവ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. സഞ്ജു സാംസണായി ചില നിർണായക ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ഈ ഇതിഹാസ താരം.

കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് കപിൽ ദേവ് സംസാരിച്ചത്. സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ചും, ഒപ്പം ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷയെപ്പറ്റിയും ഇതിഹാസം സംസാരിക്കുകയുണ്ടായി. “ഞാൻ സഞ്ജുവിനെ പറ്റി മാത്രം സംസാരിക്കുന്നത് ശരിയല്ല. ഇന്ത്യയുടെ ടീമിനെ പറ്റിയാണ് നമ്മൾ സംസാരിക്കേണ്ടത്. സഞ്ജു എന്നെ സംബന്ധിച്ച് വളരെ മികച്ച ഒരു കളിക്കാരനും പ്രതിഭയുള്ളവനുമാണ്. പക്ഷേ സഞ്ജു കുറച്ചുകൂടി മെച്ചപ്പെടാൻ ശ്രമിക്കണം. തന്റെ പ്രകടനത്തിൽ കൂടുതൽ അപ്ലൈ ചെയ്യാൻ സഞ്ജുവിന് സാധിക്കണം.”- കപിൽ ദേവ് പറയുന്നു.

ഒപ്പം വരാനിരിക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകളെ പറ്റി കപിൽ ദേവ് സംസാരിക്കുകയുണ്ടായി. “ആദ്യം ഇന്ത്യ ശ്രമിക്കേണ്ടത് ടോപ്പ് നാലിൽ ഫിനിഷ് ചെയ്ത് സെമിഫൈനലിൽ എത്താനാണ്. അതിനുശേഷം ഇന്ത്യയെ സംബന്ധിച്ച് എന്തും സംഭവിക്കാം. സെമിയിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നീട് ഭാഗ്യവും കൂടി നമ്മൾക്കൊപ്പം ആവശ്യമാണ്. എന്നിരുന്നാലും ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദ്യ നാല് ടീമുകളിൽ ഇടം പിടിക്കുക എന്നത് തന്നെയാണ്.”- കപിൽ ദേവ് കൂട്ടിച്ചേർക്കുന്നു.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ രണ്ടു മത്സരങ്ങൾ കളിച്ച സഞ്ജു 30 റൺസ് ശരാശരിയിൽ 60 റൺസ് നേടുകയുണ്ടായി. പരമ്പരയിൽ ഒരു അർധസെഞ്ച്വറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. എന്നാൽ ട്വന്റി20 പരമ്പരയിൽ സഞ്ജു പൂർണമായും പരാജയമായി മാറുകയായിരുന്നു. ട്വന്റി20യിൽ 3 ഇന്നിംഗ്സുകൾ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചു.

എന്നാൽ കേവലം 32 റൺസ് മാത്രമാണ് സഞ്ജു പരമ്പരയിൽ നേടിയത്. ഇതോടുകൂടി വലിയ വിമർശനങ്ങളും സഞ്ജുവിനെതിരെ പൊട്ടിപ്പുറപ്പെടുകയുണ്ടായി. അയർലൻഡിനെതിരായ പര്യടനത്തിലും സഞ്ജു ടീമിലുണ്ട്. ഈ പരമ്പരയിലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു ടീമിന്റെ സ്ഥിര സാന്നിധ്യമാകും എന്നാണ് പ്രതീക്ഷകൾ.

Previous articleസഞ്ജുവിനെ തേടി സന്തോഷവാർത്ത. അയർലൻഡിൽ ഇഷ്ട പൊസിഷനിൽ കളിക്കാൻ അവസരം.
Next article2019 ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടത് അവന്റെ അഭാവം മൂലം. പ്രസ്താവനയുമായി രവി ശാസ്ത്രി.