മാനസികപരമായ ക്ഷീണത്തിന്റെ പേരിൽ ഇന്ത്യൻ ടീമിൽ നിന്നും മാറി നിൽക്കുന്ന യുവതാരം ഇഷാൻ കിഷനെതിരെ രംഗത്തെത്തി മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. മാനസിക ക്ഷീണം മൂലം ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത ഇഷാൻ കിഷനെ വിമർശിച്ചുകൊണ്ടാണ് അക്മൽ സംസാരിച്ചിരിക്കുന്നത്.
മുൻപ് നടന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് കിഷൻ ഇതേ കാരണത്തിന്റെ പേരിൽ ഒഴിവായിരുന്നു. ശേഷം അഫ്ഗാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ കിഷനെ മാറ്റി നിർത്തുകയാണ് ചെയ്തത്. ഇനി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമേ കിഷന് ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കൂ എന്നാണ് രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നത്. ശേഷമാണ് പ്രതികരണവുമായി അക്മൽ രംഗത്തെത്തിയത്.
തന്റെ കരിയറിന്റെ ആദ്യഭാഗത്തിലാണ് ഇഷാനെന്നും, ഇവിടെ ഇത്തരമൊരു ഇടവേള എടുക്കേണ്ട ആവശ്യമില്ലയെന്നുമാണ് അക്മൽ പറഞ്ഞിരിക്കുന്നത്. “ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നിന്ന് മാനസിക ക്ഷീണത്തിന്റെ പേരിൽ ഇഷാൻ കിഷൻ ഒഴിവായതിനെ സംബന്ധിച്ച് ഒരുപാട് സംസാരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. തന്റെ കരിയറിന്റെ ആദ്യഭാഗത്ത് എന്ത് മാനസിക ക്ഷീണമാണ് ഇഷാനുള്ളത്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ബൂമ്ര തുടങ്ങിയ താരങ്ങളൊക്കെയുമുണ്ട്.”
“ഇവർ ഇത്തരം കാര്യങ്ങളോട് നന്നായി പൊരുതിയവരാണ്. അവർ ഇന്ത്യൻ പ്രീമിയർ ലീഗും അന്താരാഷ്ട്ര മത്സരങ്ങളും ടെസ്റ്റ് മത്സരങ്ങളും എല്ലാം കളിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൊണ്ട് കളിക്കാർ ഇടവേള എടുക്കുന്നതിനെ പറ്റി ഞാൻ കേട്ടിട്ടില്ല.”- അക്മൽ പറയുന്നു.
“ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടു മാസത്തേക്ക് കിഷൻ തന്നെ സംരക്ഷിക്കുന്നതായാണ് തോന്നിയത്. ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. അതുകൊണ്ടു തന്നെ ഈ ന്യായീകരണം യാതൊരു തരത്തിലും മനസ്സിലാവുന്നില്ല. എന്നിരുന്നാലും ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ഇക്കാര്യത്തിൽ വളരെ മികച്ച തീരുമാനമാണ് കൈക്കൊണ്ടത്. അവർ കിഷനെ ടീമിൽ നിന്ന് മാറ്റി നിർത്താൻ തയ്യാറായി. എന്തായാലും കിഷന് വിശ്രമം അനുവദിച്ചിട്ടുണ്ട്.”
“ഇനി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ശേഷം കിഷൻ ഇന്ത്യൻ ടീമിൽ തിരിച്ചു വരട്ടെ. ഇത്തരമൊരു തീരുമാനം മറ്റു താരങ്ങൾക്കും വലിയൊരു സന്ദേശമാണ്. മാനസിക ക്ഷീണമുള്ളപ്പോൾ അവർ ഇനി വിശ്രമം ചോദിക്കുകയില്ല. ഇതൊരു നാഷണൽ ഡ്യൂട്ടിയാണ്. ഇത്തരം സമയങ്ങളിൽ നിങ്ങൾ ഇടവേള എടുക്കാൻ പാടില്ല.”- അക്മൽ കൂട്ടിച്ചേർത്തു.
ഇഷാൻ കിഷന്റെ അഭാവത്തിലും വളരെ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ ട്വന്റി20 മത്സരങ്ങളിൽ കാഴ്ചവയ്ക്കുന്നത്. അഫ്ഗാനെതിരായ ആദ്യ ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയുടെ യുവതാരങ്ങൾ അവസരത്തിനൊത്ത് ഉയരുകയും, മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തിരുന്നു.
ലോകകപ്പിന് മുൻപായി മികച്ച ഒരു ട്വന്റി20 ടീം കണ്ടെത്തുന്ന തത്രപ്പാടിലാണ് ഇന്ത്യ. അതിനിടെ ഇഷാൻ കിഷൻ മാറിനിൽക്കുന്നത് ഇന്ത്യയ്ക്ക് തലവേദന ഉയർത്തുന്നുണ്ട്. എന്നിരുന്നാലും ഇഷാന് പകരക്കാരനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.