മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു 2024. തന്റെ കഴിവ് 2024ൽ പലപ്പോഴായി പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും സ്ഥിരതയില്ലായ്മയുടെ പേരിൽ പഴികേട്ട സഞ്ജുവിന്റെ വമ്പൻ തിരിച്ചുവരവ് 2024ൽ കണ്ടു. ട്വന്റി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യക്കായി സഞ്ജു കാഴ്ച വെച്ചിട്ടുള്ളത്.
എന്താണ് സഞ്ജുവിൽ പുതുതായി വന്ന മാറ്റം എന്ന ചോദ്യവുമായാണ് ഇപ്പോൾ മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവുമായുള്ള ഒരു അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് ഇതേപ്പറ്റി സംസാരിക്കുകയുണ്ടായി. ഈ ചോദ്യത്തിന് വളരെ വ്യത്യസ്തമായ മറുപടിയാണ് സഞ്ജു സാംസൺ പറഞ്ഞത്.
“കുറച്ചു നാളുകളായി ഞാൻ ഈ ചോദ്യം എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് എന്നിൽ വന്ന വ്യത്യസ്തത? എന്താണ് എനിക്ക് സംഭവിക്കുന്നത്? ഇന്ത്യൻ ടീമിന്റെ പരമ്പരകളിൽ എന്നെ തിരഞ്ഞെടുക്കുന്നത് മുതൽ ഞാൻ ഒരുപാട് മത്സരങ്ങൾ കളിക്കാൻ ആരംഭിക്കും. പക്ഷേ പലപ്പോഴും ടീമിൽ സ്ഥാനം കണ്ടെത്താൻ എനിക്ക് സാധിക്കാറില്ല. പലസമയത്തും ടീമിനോടൊപ്പം സഞ്ചരിച്ച് സൈഡ് ലൈനിൽ ഇരിക്കാൻ മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളൂ. പക്ഷേ ഞാൻ എന്റെ തയ്യാറെടുപ്പുകൾ കൂടുതൽ കൃത്യമായി നടത്തി. എല്ലാ പരമ്പരയിലും കളിക്കാൻ പാകത്തിന് ഞാൻ തയ്യാറെടുപ്പുകൾ നടത്തുകയുണ്ടായി. ഇതൊക്കെയും എനിക്ക് ഗുണം ചെയ്തു.”- സഞ്ജു പറയുന്നു.
“ഇപ്പോൾ ഞാൻ ആ ഒരു താളത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അതിലൊക്കെയും എനിക്ക് സന്തോഷമുണ്ട്. ഇതുപോലെ തന്നെ തുടരാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ എനിക്ക് എന്ത് മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. പൂർണ്ണമായ ആധിപത്യം സ്ഥാപിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ് മൈതാനത്തും മൈതാനത്തിന് പുറത്തും അങ്ങനെയാണ് എന്റെ സ്വഭാവവും. എനിക്കെപ്പോഴും പോസിറ്റീവായി തന്നെ തുടരണം. അതുകൊണ്ടു തന്നെ മൈതാനത്ത് എത്തിയാലും ഞാൻ എന്റെ ഷോട്ടുകൾ കളിക്കാനാണ് ശ്രമിക്കാറുള്ളത്.”
”ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന സമയത്ത് 20 ഓവറുകൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ എന്ന് തോന്നലാണ് എനിക്ക് വരാറുള്ളത്. ഇനിയും ബാറ്റർമാർ ഡ്രസ്സിംഗ് റൂമിൽ കാത്തിരിപ്പുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്. അതിനാൽ എത്രയും വേഗം റൺസ് കണ്ടെത്തി താളം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ മൈതാനത്ത് പെരുമാറാറുള്ളത്.”- സഞ്ജു കൂട്ടിച്ചേർത്തു.
2023ൽ ഇതുവരെ 13 മത്സരങ്ങളാണ് സഞ്ജു സാംസൺ ഇന്ത്യൻ ടീമിനായി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 43.6 എന്ന ശരാശരിയിൽ 436 റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 180.16 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഈ തകർപ്പൻ നേട്ടം. 3 സെഞ്ചുറികളും ഒരു അർധ സെഞ്ച്വറിയും 2024ൽ ഇന്ത്യൻ ടീമിനായി സഞ്ജു നേടിയിട്ടുണ്ട്