നിലവിൽ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഇന്ത്യയുടെ സൂപ്പർതാരം ബുമ്രയ്ക്ക് വിശ്രമം അനുവദിക്കേണ്ട ആവശ്യമില്ല എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇതുവരെ ഓസ്ട്രേലിയക്കെതിരായ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ ബുമ്ര സ്വന്തമാക്കിയിരുന്നു. 11.25 എന്ന ശരാശരിയിലാണ് ബൂമ്രയുടെ വിക്കറ്റ് നേട്ടം. എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ബൂമ്രയുടെ കാലിന് പരിക്കേറ്റിരുന്നു.
പരിക്കു മൂലം മൈതാനത്ത് വിഷമിച്ച ബൂമ്രയെ ദൃശ്യങ്ങളിൽ കാണാൻ സാധിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം താരതമ്യേന പതിയെയാണ് ബുമ്ര മത്സരത്തിൽ പന്തറിഞ്ഞത്. അതുകൊണ്ടുതന്നെ ബുമ്രയെ അടുത്ത മത്സരത്തിൽ ഇന്ത്യ മാറ്റിനിർത്തേണ്ടതുണ്ട് എന്ന പ്രസ്താവനകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ മഞ്ജരേക്കർ പ്രതികരിക്കുന്നത്.
വരാനിരിക്കുന്ന 3 ടെസ്റ്റ് മത്സരങ്ങളിലും ബുമ്ര ഇന്ത്യൻ നിരയുടെ ഭാഗമായി ഉണ്ടാവണം എന്നാണ് മഞ്ജരേക്കർ പറയുന്നത്. കാരണം ഇതിന് മുൻപ് തന്നെ ആവശ്യമായ വിശ്രമത്തിനുള്ള അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട് എന്ന മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ കഴിഞ്ഞ 3 വർഷങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ 34% മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത് എന്നാണ് മഞ്ജരേക്കർ പറഞ്ഞുവെക്കുന്നത്. അതുകൊണ്ടു തന്നെ നിർണായകമായ ഈ പരമ്പരയിൽ ബുമ്രയെ ഒഴിവാക്കാൻ പാടില്ല എന്ന് മുൻതാരം കൂട്ടിച്ചേർത്തു.
“ഇതുവരെ ആവശ്യമായ വിശ്രമം അവന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാനാണെങ്കിൽ അവനെ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിപ്പിച്ചേനെ. കാരണം ഇന്ത്യയുടെ കഴിഞ്ഞ 3 വർഷങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങൾ പരിശോധിച്ചാൽ 34 ശതമാനം മത്സരങ്ങളിൽ മാത്രമാണ് ബൂമ്ര കളിച്ചിട്ടുള്ളത്. ഇപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പരമ്പരയാണ്. അതിൽ അവന്റെ ആവശ്യം ഇന്ത്യയ്ക്കുണ്ട്. ഒരുപക്ഷേ വരാനിരിക്കുന്ന ഏതെങ്കിലും ദ്വിരാഷ്ട്ര പരമ്പരയിൽ നിന്ന് അവന് വിശ്രമം നൽകാൻ നമുക്ക് സാധിക്കും.”- മഞ്ജരേക്കർ പറഞ്ഞു.
2022ന് ശേഷം 165 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യൻ ടീം കളിച്ചിട്ടുള്ളത്. ഇതിൽ 47 മത്സരങ്ങളിൽ മാത്രമായിരുന്നു ബൂമ്ര അണിനിരന്നത്. കഴിഞ്ഞ 3 വർഷങ്ങളിൽ 28.48 ശതമാനം മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. മാത്രമല്ല പരിക്കു മൂലം ചില സമയങ്ങളിൽ താരത്തിന് മാറിനിൽക്കേണ്ടിയും വന്നിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായി ബൂമ്ര ഉണ്ടായിരുന്നു. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.