വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നടക്കും. പരമ്പര വിജയലക്ഷ്യം മുന്നില്‍ കണ്ടാണ് ഇന്ത്യ ഇറങ്ങുക. നിലവില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നില്‍. ഈ മത്സരത്തില്‍ വിജയം നേടിയാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 വിജയവും ഇന്ത്യക്ക് നേടാം. പരമ്പര തോല്‍ക്കാതിരിക്കാന്‍ വിന്‍ഡീസിനു ജയം അനിവാര്യമാണ്.
മത്സരത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മാച്ച് ഫിറ്റ്നെസ് കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മത്സരത്തില്‍ 11 റണ്‍സെടുത്ത് നില്‍ക്കേ പുറം വേദന അനുഭവപ്പെട്ട താരം തിരിച്ചു മടങ്ങിയിരുന്നു. മത്സരത്തില്‍ രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യതയുള്ളത്. മോശം ഫോമിലുള്ള ശ്രേയസ്സ് അയ്യരിനാണ് സ്ഥാനം തെറിച്ചേക്കും.
0,10,24 എന്നിങ്ങനെയാണ് അവസാന മത്സരങ്ങളില്‍ ശ്രേയസ്സിന്‍റെ സ്കോര്‍. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ സഞ്ചുവിന് അവസരം ലഭിച്ചേക്കാം. പിന്നീടുള്ള മാറ്റം പേസ് ഡിപാര്‍ട്ട്മെന്‍റിലായിരിക്കും. റണ്‍സ് ധാരാളം വഴങ്ങുന്ന ആവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലിനു അവസരം ലഭിക്കും.
ഇന്ത്യന്‍ സമയം രാത്രി 8 മണി മുതലാണ് മത്സരം ആരംഭിക്കുക. മത്സരം ഫാന്‍കോഡ് ആപ്പിലും ഡി.ഡി സ്പോര്‍ട്ട്സിലും തത്സമയം കാണാം
ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.