വീണ്ടും സിംബാബ്‌വന്‍ വീര്യം ! കൂറ്റന്‍ വിജയലക്ഷ്യം മറികടന്നു. ഞെട്ടിക്കുന്ന തോല്‍വിയുമായി ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെക്ക് 5 വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം 48.2 ഓവറില്‍ സിംബാബ്‌വെ മറികടന്നു. സെഞ്ചുറി നേടിയ ഇന്നസെന്‍റും സിക്കന്ദര്‍ റാസയുമാണ് സിംബാബ്‌വെയെ പരമ്പരയില്‍ മുന്നിലെത്തിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. അര്‍ദ്ധസെഞ്ചുറികള്‍ നേടിയ തമീം ഇക്ബാല്‍ (62) ലിറ്റണ്‍ ദാസ് (81) അനമുള്‍ ഹഖ് (73) മുഷ്ഫിഖുര്‍ റഹീം (52) എന്നിവരുടെ പോരാട്ടമാണ് മികച്ച സ്കോറില്‍ എത്തിച്ചത്. ലിറ്റണ്‍ ദാസ് പരിക്കേറ്റ് പുറത്തായപ്പോള്‍ മുഷ്ഫിഖുര്‍ റഹീമും മഹ്മുദള്ളയും (20) പുറത്താകതെ നിന്നു. ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 300 റണ്‍സ് കടക്കുന്നത്.

343696

വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഒരു ഘട്ടത്തില്‍ 62 ന് 3 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. പിന്നീട് ഒത്തുചേര്‍ന്ന ഇന്നസെന്‍റ് കൈയയും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 172 പന്തില്‍ 192 റണ്‍സ് കൂട്ടിചേര്‍ത്തു.

343684

122 പന്തില്‍ 11 ഫോറും 2 സിക്സുമായി ഇന്നസെന്‍റ് 110 റണ്‍സ് നേടി പുറത്തായി. അവസാനം വരെ ക്രീസില്‍ നിന്ന സിക്കന്ദര്‍ റാസ ടീമിനെ വിജയത്തില്‍ എത്തിച്ചാണ് തിരികെ കയറിയത്. 109 പന്തില്‍ 8 ഫോറും 6 സിക്സുമായി 135 റണ്‍സ് നേടി പുറത്താകതെ നിന്നു. അവസാന നിമിഷം ജോങ്വെ 24 റണ്‍സ് നേടി പുറത്താകതെ നിന്നു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, ഷൊരിഫുള്‍ ഇസ്ലാം, മെഹ്ദി ഹെസ്സന്‍, മൊസ്ദക്ക് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

343678

ആഗസ്റ്റ് 7 നാണ് പരമ്പരയിലെ അടുത്ത മത്സരം. ടി20 പരമ്പര നേരത്തെ സിംബാബ്‌വെ (2-1) സ്വന്തമാക്കിയിരുന്നു.