200 റൺസിന്റെ വിജയവുമായി ഇന്ത്യ. സഞ്ജുവിന്റെ തൂക്കിയടി, പരമ്പരയും തൂക്കി.

വെസ്റ്റിൻഡിസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 200 റൺസിന്റെ വലിയ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് മത്സരത്തിൽ പിറന്നത്.

ഇന്ത്യക്കായി മത്സരത്തിൽ ശുഭമാൻ ഗിൽ, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നിവർ ബാറ്റിംഗിൽ തിളങ്ങി. ബോളിംഗിൽ ഷർദുൽ താക്കൂറും മുകേഷ് കുമാറും മികവു കാട്ടുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് വലിയ ആശ്വാസം തന്നെയാണ് മൂന്നാം മത്സരത്തിലെ ഈ വലിയ വിജയം നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ ഇന്ത്യൻ ആധിപത്യം തന്നെയാണ് മത്സത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യക്കായി ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 143 റൺസിന്റെ വലിയ പാർട്ണർഷിപ്പ് കെട്ടിപ്പടുത്തു. ഇഷാൻ കിഷൻ 64 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ, 92 പന്തുകളിൽ 85 റൺസ് നേടി ഗില്ലും മികവ് കാട്ടി.

പിന്നാലെ നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ 41 പന്തുകളിൽ 51 റൺസുമായി വിൻഡിസിന് മേൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒപ്പം അവസാന ഓവറുകളിൽ നായകൻ പാണ്ഡ്യ 52 പന്തുകളിൽ 70 റൺസ് നേടി ഉഗ്രൻ ഫിനിഷിംഗ് കൂടി നടത്തിയതോടെ ഇന്ത്യൻ സ്കോർ 351 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് തുടക്കം മുതൽ പണി പാളി. ആദ്യ ഓവറുകളിൽ ഇന്ത്യക്കായി മുകേഷ് കുമാർ തീയായി മാറി. വെസ്റ്റിൻഡിസിന്റെ രണ്ട് ഓപ്പണർമാരെയും അതിവേഗത്തിൽ തന്നെ പുറത്താക്കാൻ മുകേഷ് കുമാറിന് സാധിച്ചു. വിൻഡീസ് നിരയിൽ യാതൊരു ബാറ്റർമാർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിക്കുകയായിരുന്നു. 50 പന്തുകളിൽ 32 റൺസ് നേടിയ അധനാസേ മാത്രമാണ് വിൻഡീസ് മുൻനിരയിൽ പൊരുതാൻ എങ്കിലും തയ്യാറായത്.

പിന്നീട് പത്താമനായി ക്രീസിലെത്തിയ മോട്ടി 34 പന്തുകളിൽ 39 റൺസുമായി ഇന്ത്യക്കെതിരെ പോരാട്ടം നയിച്ചു. എന്നാൽ വിജയത്തിന് ഒരുപാട് അകലെ തന്നെയായിരുന്നു വിൻഡിസ്. അങ്ങനെ വിൻഡീസ് ഇന്നിംഗ്സ് കേവലം 151 റൺസിൽ അവസാനിച്ചു. മത്സരത്തിൽ ഇന്ത്യ 200 റൺസിന് വിജയവും കണ്ടു. ഇന്ത്യക്കായി മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച ശുഭമാൻ ഗില്ലാണ് പ്ലെയർ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അർധസെഞ്ചറി സ്വന്തമാക്കിയ ഇഷാൻ കിസാൻ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.