വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒരു കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യൻ നിര. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വിപരീതമായി വളരെ ആക്രമണ മനോഭാവത്തോടെയായിരുന്നു ഇന്ത്യൻ മൂന്നാം മത്സരത്തിൽ ബാറ്റ് വീശിയത്. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 351 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.
ഇന്ത്യയ്ക്കായി ഇഷാൻ കിഷാൻ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ എന്നിവർ അർധ സെഞ്ച്വറികളുമായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നിരുന്നാലും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മികച്ച ബോളിംഗ് പ്രകടനം കൂടി നടത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം കാണാൻ സാധിക്കൂ.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭമാൻ ഗില്ലും നൽകിയത്. ഇഷാൻ കിഷൻ മത്സരത്തിൽ 64 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 92 പന്തുകളിൽ 85 റൺസാണ് നേടിയത്.
ഇവർക്കൊപ്പം, നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണും അടിച്ചുതകർത്തതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു. മത്സരത്തിൽ 41 പന്തുകൾ നേരിട്ട സഞ്ജു 51 റൺസ് നേടുകയുണ്ടായി. രണ്ടു ബൗണ്ടറികളും നാല് സിക്സറുകളും സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടു.
എന്നാൽ സഞ്ജു പുറത്തായ ശേഷം ഇന്ത്യയുടെ സ്കോറിങ് പതിഞ്ഞ താളത്തിലേക്ക് നീങ്ങുകയായിരുന്നു. ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ക്രീസിൽ ഉറച്ചെങ്കിലും ആദ്യസമയങ്ങളിൽ റൺസ് കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടി. മാത്രമല്ല വിൻഡീസ് സ്പിന്നർമാർക്ക് ഇന്നിംഗ്സിന്റെ അവസാനഭാഗത്ത് വലിയ രീതിയിലുള്ള പിന്തുണയും പിച്ചിൽ നിന്ന് കിട്ടി. പക്ഷേ 40 ഓവറിന് ശേഷം സൂര്യകുമാറും ഹർദിക് പാണ്ഡ്യയും മികച്ച ഫിനിഷിംഗ് നടത്തി ഇന്ത്യയെ വമ്പൻ സ്കോറിലെത്തിക്കാൻ ശ്രമിച്ചു.
മത്സരത്തിൽ സൂര്യകുമാർ യാദവ് 30 പന്തുകളിൽ 35 റൺസാണ് നേടിയത്. ഹർദിക് പാണ്ഡ്യ 52 പന്തുകളിൽ 70 റൺസ് നേടി ഇന്ത്യയുടെ ഫിനിഷിംഗ് ശക്തമാക്കി മാറ്റി. എന്തായാലും ഇവരുടെയൊക്കെയും മികവിൽ നിശ്ചിത 50 ഓവറുകളിൽ 351 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് മത്സരത്തിൽ ബാറ്റർമാർ കാഴ്ച വച്ചിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിംഗിൽ മോശം പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റർമാർ സമ്മാനിച്ചിരുന്നത്. എന്നാൽ മൂന്നാം മത്സരത്തിലെ പ്രകടനം ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകുന്നു.