ഇന്ത്യക്കെതിരെയുള്ള ടി20 മത്സരത്തിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു വിജയം. 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിജയത്തോടെ പരമ്പരയില്‍ വിന്‍ഡീസ് ഒപ്പത്തിനൊപ്പമെത്തി (1-1). സ്കോര്‍ ഇന്ത്യ – 138 (19.2) വെസ്റ്റ് ഇന്‍ഡീസ് – 141/5(19.2)
139 റണ്‍സ് എന്ന അനായാസ വിജയലക്ഷ്യം വളരെ ബുദ്ധിമുട്ടിയാണ് വിന്‍ഡീസ് പൂര്‍ത്തായാക്കിയത്. അവസാന ഓവറില്‍ 10 റണ്‍ വേണമെന്നിരിക്കെ ആവേശ് ഖാന്‍ ആദ്യ പന്ത് തന്നെ നോബോള്‍ എറിഞ്ഞു. അടുത്ത പന്തുകള്‍ സിക്സും ഫോറുമടിച്ച് ഡെവോണ്‍ തോമസ് മത്സരം വിജയിപ്പിച്ചു. 72 പന്തില്‍ 75 റണ്‍ എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസ് ഈ റണ്‍ ചേസ് അവസാന ഓവറില്‍ എത്തിച്ചത്. അര്‍ഷദീപ് സിങ്ങ് എറിഞ്ഞ 17, 19 ഓവറുകളില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങിയതോടെയാണ് കളി ത്രിലര്‍ പോരാട്ടത്തിലേക്ക് മാറിയത്.
ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ ടോപ്പ് സ്കോററായത്. മറ്റ് ടോപ്പ് ഓഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ബ്രാണ്ടന്‍ കിംഗ് അര്‍ദ്ധസെഞ്ചുറി നേടി ടീമിനെ 100 കടത്തിയാണ് പുറത്തായത്. 52 പന്തില്‍ 8 ഫോറും 2 സിക്സുമായി 68 റണ്‍സാണ് നേടിയത്. അവസാന നിമിഷങ്ങളില്‍ 19 പന്തില്‍ 31 റണ്‍സുമായി ഡേവോണ്‍ തോമസ് ഫിനിഷിങ്ങ് ജോലികള്‍ ചെയ്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും ആക്രമണ ബാറ്റിംഗ് നിര്‍ത്തിയില്ലാ. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 1 ഫോറും 5 സിക്സുമായി 56 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ പിറന്നു. അതും ആദ്യ ഓവര്‍ മെയ്ഡനു ശേഷമായിരുന്നു ഈ സ്കോര്‍. പക്ഷേ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടമായിരുന്നു. ഏഴാം ഓവര്‍ ആയപ്പൊഴേക്കും 63 ന് 4 എന്ന നിലയിലായി.
ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി ഒബെദ് മക്കോയി ഞെട്ടിച്ചു പിന്നീട് വന്നവര്‍ സിക്സടിച്ച് പുറത്താകുന്ന രീതി തുടര്‍ന്നു. സൂര്യകുമാര്‍ യാദവ് (11) ശ്രേയസ്സ് അയ്യര്‍ (10) റിഷഭ് പന്ത് (24) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നീട് ഒത്തു ചേര്‍ന്ന ഹാര്‍ദ്ദിക്ക് പാണ്ട്യയും (31) ജഡേജയും (27) ചേര്‍ന്ന് 43 റണ്‍സ് കൂട്ടുകെട്ട് ചേര്‍ത്തു. വാലറ്റത്തിനു കാര്യമായ റണ്‍സ് ചേര്‍ക്കാനായില്ലാ.
104 ന് 4 എന്ന നിലയില്‍ നിന്നും അവസാന 6 വിക്കറ്റുകള്‍ 34 റണ്‍സിനാണ് നഷ്ടമായത്. 6 വിക്കറ്റ് നേടിയ ഒബെദ് മക്കോയിയാണ് ഇന്ത്യ യെ തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫ്, അകീല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.
മത്സരം ആരംഭിക്കാന്‍ വൈകി.
സെന്റ് കിറ്റ്‌സിലെ ടീം കിറ്റുകളുടെ വരവ് വൈകിയതിനെ തുടർന്ന് മത്സരം അവസാനിക്കാൻ നിശ്ചയിച്ച സമയത്താണ് മത്സരം ആരംഭിച്ചത്. 8 മണിക്ക് ആരംഭിക്കേണ്ട മത്സരം 11 മണിക്കാണ് തുടങ്ങിയത്.