വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 4 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്.
വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (6) ശുഭ്മാന്‍ ഗില്ലും (3) തുടക്കത്തിലേ പുറത്തായി. മൂന്നാമനായി സൂര്യകുമാര്‍ യാദവാണ് (21) എത്തിയത്. മറുവശത്ത് അരങ്ങേറ്റ മത്സരം കളിക്കുന്ന തിലക് വര്‍മ്മ യാതൊരു പേടിയും കാണിച്ചില്ലാ. രണ്ടാം പന്തില്‍ സിക്സടിച്ചാണ് തിലക് വര്‍മ്മ രാജ്യന്തര ക്രിക്കറ്റില്‍ തന്‍റെ വരവറിയിച്ചത്. മത്സരത്തില്‍ 22 പന്തില്‍ 2 ഫോറും 3 സിക്സുമായി 39 റണ്‍സാണ് തിലക് വര്‍മ്മ നേടിയത്.
ഹര്‍ദ്ദിക്ക് പാണ്ട്യയയും (19) സഞ്ചു സാംസണും (12) ഒരു പന്തിന്‍റെ ഇടവേളയില്‍ പുറത്തായി. അവസാന 3 ഓവറില്‍ 32 റണ്‍സാണ് വേണ്ടിയിരുന്നത്. സിക്സടിച്ച് നിന്ന അക്സര്‍ പട്ടേലിനെ (13) 19ാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ നഷ്ടമായി. പിന്നീടെത്തിയെ അര്‍ഷദീപ് തുടര്‍ച്ചയായ ഫോറുകളടിച്ച് അവസാന ഓവറില്‍ വിജയലക്ഷ്യം 10 ആക്കി കുറച്ചു.
റൊമാരിയോ ഷെപ്പേഡ് അറിഞ്ഞ ആദ്യ പന്തില്‍ തന്നെ കുല്‍ദീപ് യാദവിന്‍റെ (3) കുറ്റി തെറിച്ചു. അര്‍ഷദീഷ് അഞ്ചാം പന്തില്‍ റണ്ണൗട്ടായി. അവസാന ബോളില്‍ 6 റണ്‍ വേണമെന്നിരിക്കെ മുകേഷ് കുമാറിന് സിക്സ് അടിക്കാന്‍ സാധിച്ചില്ലാ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ത്തില്‍ 54 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസിനെ ഇന്ത്യ പിടിച്ചു നിര്‍ത്തിയത്. ചഹലും കുല്‍ദീപ് യാദവും റണ്‍സ് വഴങ്ങാന്‍ മടി കാട്ടിയപ്പോള്‍ അവസാന ഓവറില്‍ അര്‍ഷദീപും മുകേഷ് കുമാറും വിന്‍ഡീസിനെ കൂറ്റന്‍ സ്കോറില്‍ നിന്നും തടഞ്ഞു.
വിന്‍ഡീസിനായി 32 പന്തില്‍ 48 റണ്‍സുമായി റൊവ്മാന്‍ പവല്‍ ടോപ്പ് സ്കോററായി. 41 റണ്‍സുമായി നിക്കോളസ് പൂരനും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി അര്‍ഷദീപും ചഹലും 2 വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ദ്ദിക്ക് പാണ്ട്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.
പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച്ച നടക്കും.