ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നാളെയാണ് ആരംഭിക്കുന്നത്. പര്യടനത്തിലെ ട്വന്റി20 പരമ്പര സമനിലയിലാക്കിയ ഇന്ത്യ, ഏകദിന പരമ്പരയിൽ വിജയവും സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ അത്ര മികച്ച റെക്കോർഡുകളല്ല ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പരകളിലുള്ളത്.
ഇതുവരെ ദക്ഷിണാഫ്രിക്കയിൽ 23 ടെസ്റ്റ് മത്സങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ 4 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചത്. മാത്രമല്ല ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇതേവരെ സാധിച്ചതുമില്ല. ഇത്തരം സാഹചര്യത്തിൽ എങ്ങനെ ഇന്ത്യ വിജയം സ്വന്തമാക്കും എന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് പറയുന്നത്.
ദക്ഷിണാഫ്രിക്കയിൽ സമീപ സമയത്ത് ഇന്ത്യ പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളിലും വലിയ പ്രതീക്ഷ നൽകുന്നുണ്ട് എന്ന് രാഹുൽ ദ്രാവിഡ് പറയുകയുണ്ടായി. “കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക. പക്ഷെ ഞങ്ങൾക്ക് ഇവിടെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.”
“ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മത്സരം വിജയം കാണുക എന്നത് പ്രായോഗിക കാര്യം തന്നെയാണ്. പക്ഷേ ഇവിടെ കളിക്കുക എന്നത് അല്പം പ്രയാസമാണ്. മറ്റു സ്ഥലങ്ങളിൽ ലഭിക്കുന്നതിലും കൂടുതൽ ബൗൺസ് ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകളിൽ ലഭിക്കാറുണ്ട്.”- ദ്രാവിഡ് പറഞ്ഞു.
“എന്നിരുന്നാലും ഇംഗ്ലണ്ടിൽ ലഭിക്കുന്ന അത്ര സിംഗ് ഇവിടെ ലഭിക്കാറില്ല. ഓസ്ട്രേലിയയിലുള്ള അത്ര പേസ് ഇവിടത്തെ പിച്ചുകളിൽ ഉണ്ടാവണമെന്നില്ല. എന്നിരുന്നാലും മത്സരം പുരോഗമിക്കുമ്പോൾ പിച്ച് നിയന്ത്രിക്കാനാവാത്ത വിധം വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കും.
ഇന്ത്യൻ ബാറ്റർമാർക്ക് കാലാകാലങ്ങളിൽ വലിയ പ്രയാസമാണ് ദക്ഷിണാഫ്രിക്കൻ പിച്ചുകൾ ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഇവിടെ മികച്ച ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാനും ചില ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പരമ്പരയിൽ നന്നായി കളിക്കാൻ സാധിക്കുമെന്നും, അനുഭവസമ്പത്ത് മുതൽക്കൂട്ടാവും എന്നുമാണ് കരുതുന്നത്.”- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.
രോഹിത് ശർമയും കോഹ്ലിയും അടക്കമുള്ള സീനിയർ താരങ്ങളൊക്കെയും ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയുടെ സ്ക്വാഡിലേക്ക് തിരികെയെത്തിയിട്ടുണ്ട്. കോഹ്ലിക്ക് അവിശ്വസനീയ റെക്കോർഡ് തന്നെയാണ് ആഫ്രിക്കൻ മണ്ണിലുള്ളത്. ഇതുവരെ 7 ടെസ്റ്റുകളിൽ നിന്ന് 719 റൺസ് ആഫ്രിക്കയിൽ കോഹ്ലി നേടിയിട്ടുണ്ട്.
2 സെഞ്ച്വറികളും മൂന്ന് അർത്ഥ സെഞ്ച്വറികളുമാണ് കോഹ്ലിയുടെ ദക്ഷിണാഫ്രിക്കയിലെ സമ്പാദ്യം. എന്നാൽ രോഹിത് ശർമ ഇതുവരെ ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. 4 മത്സരങ്ങളിൽ നിന്ന് 123 റൺസ് മാത്രമേ രോഹിത് നേടിയിട്ടുള്ളൂ. എന്നാൽ ഈ റെക്കോർഡ് മറികടന്ന് ഒരു വമ്പൻ പ്രകടനത്തിന് തന്നെയാണ് രോഹിത് ശ്രമിക്കുന്നത്.