ബാംഗ്ലൂരും മുംബൈയും ചെന്നൈയുമല്ല, ഇത്തവണ ആ ടീം ഐപിഎൽ കിരീടം ചൂടും. ഡിവില്ലിയേഴ്‌സിന്റെ പ്രവചനം.

ab de villers.jpg 55

2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മിനി ലേലം അവസാനിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും തങ്ങൾക്ക് ആവശ്യമായ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ലേലത്തിൽ ഓസ്ട്രേലിയൻ നായകൻ കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഡാരിൽ മിച്ചൽ തുടങ്ങിയ താരങ്ങൾക്ക് വലിയ തുക തന്നെ ലഭിക്കുകയുണ്ടായി.

ഇത്തവണത്തെ ലേലത്തിൽ ഏറ്റവും സജീവമായി പങ്കെടുത്ത ടീമുകളിൽ ഒന്നാണ് സൺറൈസേഴ്സ് ഹൈദരാബാദ്. തങ്ങളുടെ പ്ലാൻ അനുസരിച്ച് കൃത്യമായി താരങ്ങളെ ടീമിലെത്തിക്കാൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. 20.5 കോടി രൂപയ്ക്ക് കമ്മിൻസിനെയും 6.8 കോടി രൂപയ്ക്ക് ട്രാവിസ് ഹെഡിനെയും 1.5 കോടി രൂപയ്ക്ക് ഹസരംഗയേയും ഹൈദരാബാദ് തങ്ങളുടെ ടീമിൽ എത്തിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ഹൈദരാബാദ് തന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കപ്പ് ഉയർത്തിയേക്കും എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്‌സ് പറയുന്നത്.

തങ്ങൾക്ക് ഏറ്റവും യോജിക്കുന്ന കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട് എന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. ഹൈദരാബാദിനൊപ്പം ചെന്നൈ സൂപ്പർ കിംഗ്സും ഇത്തവണ മികച്ച രീതിയിൽ ലേലത്തെ നേരിട്ടു എന്ന ഡിവില്ലിയേഴ്‌സ് കരുതുന്നു. “ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഏറ്റവും മികച്ച ലേലം നടന്നത് ഹൈദരാബാദ് ടീമിനാണ്.

ഹൈദരാബാദിന് തങ്ങളുടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ട്രോഫി സ്വന്തമാക്കാൻ ഇത്തവണ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ ഗ്യാരണ്ടി നൽകാൻ സാധിക്കില്ല. കാരണം ട്വന്റി20 ക്രിക്കറ്റ് എല്ലായിപ്പോഴും ഊഹിക്കാവുന്നതിനും അപ്പുറം നിൽക്കുന്ന മത്സരമാണ്. പക്ഷേ ഒരു ട്രോഫി സ്വന്തമാക്കാൻ പറ്റുന്ന സ്ക്വാഡ് ഹൈദരാബാദ് ടീമിനുണ്ട്.”- ഡിവില്ലിയേഴ്‌സ് പറയുന്നു.

See also  160 റൺസിൽ ചെന്നൈയെ ഒതുക്കാൻ നോക്കി, പക്ഷേ ധോണി ഞങ്ങളെ ഞെട്ടിച്ചു. രാഹുൽ തുറന്ന് പറയുന്നു.

“ഇത്തവണത്തെ ലേലത്തിൽ ഹൈദരാബാദിന് ഏറ്റവും ലാഭത്തിൽ കിട്ടിയ താരം വനിന്ദു ഹസരംഗയാണ്. എല്ലാ മത്സരത്തിലും ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങൾ പുറത്തെടുക്കാൻ ഹസരംഗയ്ക്ക് സാധിക്കും. ഒപ്പം പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരും സൺറൈസേഴ്സ്നെ സംബന്ധിച്ച് മികച്ച കൂട്ടിച്ചേർക്കലുകളാണ്. 2024 ഐപിഎൽ ലേലത്തിൽ ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുള്ളത് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്‌സുമാണ് എന്ന കാര്യത്തിൽ സംശയമില്ല.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

ഇതിനൊപ്പം ഹൈദരാബാദ് മാക്രത്തെ തന്നെ നായക സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നും ഡിവില്ലിയേഴ്‌സ് പറയുകയുണ്ടായി. കമ്മിൻസിനെ നായകനാക്കാൻ ഹൈദരാബാദ് മുതിരരുത് എന്നാണ് ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. “അവർ മാക്രത്തെ തന്നെ നായക സ്ഥാനത്ത് പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ മാക്രത്തോടൊപ്പം കളിച്ചിട്ടുണ്ട്. ടീമിന് വലിയ രീതിയിലുള്ള സംഭാവനകൾ നൽകാൻ മാക്രത്തിന് സാധിക്കും. ടീമിനെ മത്സരങ്ങളിൽ വിജയിപ്പിക്കാനും അവന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഡിവില്ലിയേഴ്‌സ് പറഞ്ഞു വെക്കുന്നു.

Scroll to Top