ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഒരു ഉഗ്രൻ പ്രകടനം തന്നെയാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്. മത്സരത്തിൽ ആറു വിക്കറ്റുകൾക്ക് ഇന്ത്യ വിജയവും സ്വന്തമാക്കുകയുണ്ടായി. എന്നാൽ മത്സരത്തിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഓപ്പണർ രാഹുൽ കാഴ്ചവച്ചത്. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടിയ രാഹുൽ, രണ്ടാം ഇന്നിങ്സിൽ ഒരു റൺ മാത്രമാണ് നേടിയത്. കഴിഞ്ഞകുറച്ചധികം കാലങ്ങളായി രാഹുൽ ഇത്തരത്തിൽ മോശം പ്രകടനങ്ങൾ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലും രാഹുലിനെ പിന്തുണയ്ക്കാൻ തന്നെയാണ് ടീമിന്റെ തീരുമാനം എന്ന് ഇന്ത്യയുടെ നായകൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും പറയുകയുണ്ടായി.
“രാഹുലിന് പിന്തുണ നൽകാനാണ് ഞങ്ങളുടെ തീരുമാനം. അയാൾ കഴിവുള്ള ഒരു ബാറ്റർ തന്നെയാണ്. ഇത്തരം പിച്ചുകളിൽ റൺസ് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. നമ്മൾ അതിനായുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല ഒരു വ്യക്തിഗത കളിക്കാരൻ എന്തു ചെയ്തു എന്നതിലേക്ക് ഞങ്ങൾ അധികമായി ശ്രദ്ധിക്കുന്നില്ല. ഒരു ടീമായിയാണ് ഞങ്ങൾ എല്ലാം കാണാൻ ശ്രമിക്കുന്നത്. ഇതാണ് രാഹുലിന്റെ കാര്യത്തിൽ എന്റെ ചിന്ത.”- രോഹിത് പറയുകയുണ്ടായി.
കെ എൽ രാഹുൽ ഇന്ത്യയുടെ തിളക്കമേറിയ ക്രിക്കറ്റർ തന്നെയാണ് എന്നായിരുന്നു കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞത്. “വിദേശ പിച്ചുകളിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഓപ്പണറാണ് കെ എൽ രാഹുൽ. അയാൾക്ക് ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ സെഞ്ചുറികൾ നേടാൻ സാധിച്ചിട്ടുണ്ട്. ഞങ്ങൾ അയാളെ പിന്തുണയ്ക്കുന്നത് തുടരുക തന്നെ ചെയ്യും. അയാൾ നിലവാരമുള്ള ക്രിക്കറ്റർ ആണെന്നും, ഈ പ്രതിസന്ധിയിൽ നിന്നും അയാൾ തിരികെയെത്തുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ദ്രാവിഡ് പറഞ്ഞു.
രാഹുലിനെ ഒഴിച്ചു നിർത്തിയാൽ മറ്റ് ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. എന്നിരുന്നാലും അടുത്ത മത്സരങ്ങളിലൂടെ രാഹുൽ ഫോമിലേക്ക് തിരികെയെത്തും എന്ന് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടക്കുന്നത്.