ലോക ക്രിക്കറ്റ് കണ്ടതിൽ വച്ച് ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്ത്യയുടെ അഫ്ഗാനെതിരായ മൂന്നാം ട്വന്റി20. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 212 എന്ന സ്കോർ സ്വന്തമാക്കി. ശേഷം അഫ്ഗാനിസ്ഥാനും ബാറ്റിംഗിൽ മികവ് പുലർത്തി 212 റൺസിൽ എത്തുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു. പിന്നീട് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 16 റൺസാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 16 റൺസ് സ്വന്തമാക്കിയതോടെ വീണ്ടും മത്സരം മറ്റൊരു സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റൺസ് സ്വന്തമാക്കുകയും, പിന്നാലെ അഫ്ഗാനിസ്ഥാനെ രവി ബിഷ്ണോയി എറിഞ്ഞിടുകയും ചെയ്തു. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
മത്സരത്തിന്റെ അഞ്ചാം വിക്കറ്റിൽ റിങ്കു സിങ്ങുമൊത്ത് 190 റൺസിന്റെ കൂട്ടുകെട്ട് ആയിരുന്നു രോഹിത് കെട്ടിപ്പടുത്തത്. ഇതേ സംബന്ധിച്ചും രോഹിത് സംസാരിക്കുകയുണ്ടായി. “ഇത്തരത്തിൽ രണ്ട് സൂപ്പർ ഓവറുകൾ അവസാനമായി സംഭവിച്ചത് എന്നാണ് എന്ന് ഞാൻ ഓർക്കുന്നില്ല. ഐപിഎൽ മത്സരത്തിനിടെ ഒരിക്കൽ 3 തവണ എനിക്ക് ബാറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഞങ്ങളെ സംബന്ധിച്ച് മത്സരത്തിൽ വളരെ നിർണായകമായത് ഞാനും റിങ്കുവും തമ്മിലുള്ള കൂട്ടുകെട്ട് തന്നെയായിരുന്നു. വലിയ മത്സരങ്ങളിൽ നമ്മുടെ സമീപനത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ പാടില്ല എന്ന കാര്യം ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ മികച്ച മത്സരം തന്നെയായിരുന്നു. സമ്മർദ്ദം വളരെ വലിയ രീതിയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ദൈർഘ്യമേറിയ സമയത്തേക്ക് ബാറ്റ് ചെയ്യാനും മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാനുമാണ് ശ്രമിച്ചത്. ഈ സമയത്തും ഞങ്ങൾ ഞങ്ങളുടെ ആക്രമണ മനോഭാവത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ല.”- രോഹിത് പറഞ്ഞു.
“അവസാന കുറച്ചു പരമ്പരകളിൽ അതിമനോഹരമായാണ് റിങ്കു കളിച്ചത്. എന്താണ് അവന് ബാറ്റിംഗിൽ ചെയ്യാൻ പറ്റുന്നത് എന്ന് കൃത്യമായി അവൻ കാട്ടിത്തന്നു. എല്ലായിപ്പോഴും ക്രീസിൽ ശാന്തനായാണ് റിങ്കു തുടരാറുള്ളത്. അവന്റെ ശക്തിയെ പറ്റി അവന് പൂർണമായ ബോധ്യമുണ്ട്. ഒരു യുവതാരം എന്ന നിലയ്ക്ക് തന്നെ അവനീൽ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് അവന് ചെയ്യാൻ സാധിക്കുന്നു.”
”ഇന്ത്യക്കായി ഇതുവരെ മികവ് പുലർത്താൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. ടീമിന്റെ മുൻപോട്ടുള്ള പോക്കിനും ഇതൊക്കെ വളരെ സഹായകരമാണ്. അവസാന ഓവറുകളിൽ ഇത്തരം മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ എത്ര മികച്ച രീതിയിലാണ് ഈ റോൾ റിങ്കു നിർവഹിച്ചത് എന്ന് നമുക്ക് അറിയാം. ഇന്ത്യൻ ജേഴ്സിയിലും അവൻ അത് ആവർത്തിക്കുകയാണ്.”- രോഹിത് കൂട്ടിച്ചേർത്തു.
മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്. 69 പന്തുകളിൽ 121 റൺസ് നേടി രോഹിത് ഇന്ത്യയുടെ നെടുംതൂണായി മാറി. ഇന്നിങ്സിൽ 11 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു.
ശേഷം 2 സൂപ്പർ ഓവറുകളിലും രോഹിത് മികച്ചു നിന്നു. ഇതേസമയം മത്സരത്തിൽ രോഹിത്തിന് മികച്ച പിന്തുണ നൽകാൻ റിങ്കു സിംഗിനും സാധിച്ചിട്ടുണ്ട്. 39 പന്തുകൾ നേരിട്ട റിങ്കു 69 റൺസാണ് മത്സരത്തിൽ നേടിയത്. 2 ബൗണ്ടറികളും 6 സിക്സ്റുകളുമാണ് റിങ്കുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകൾ മത്സരത്തിലുണ്ടായി.