സൂപ്പർ ഓവറിൽ രോഹിത് എങ്ങനെ വീണ്ടും ബാറ്റ് ചെയ്തു? നിയമം പറയുന്നത് ഇങ്ങനെ..

a968f21d 77aa 4b25 9bdb a9103b881b47

ഒരുപാട് നാടകീയ രംഗങ്ങൾ കൊണ്ട് സങ്കീർണ്ണമായിരുന്നു ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരം. മത്സരത്തിൽ പ്രധാന റോൾ വഹിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. ഇന്ത്യ 22ന് 4 എന്ന നിലയിൽ കൂപ്പുകുത്തിയ സമയത്ത് ഒരു വെടിക്കെട്ട് പ്രകടനത്തോടെ രോഹിത് ശർമ കളം നിറയുകയായിരുന്നു. മത്സരത്തിൽ രോഹിത്തിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 212 എന്ന സ്കോറിലെത്തി.

മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനും തിളങ്ങിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയും, പിന്നീട് സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യ സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാൻ നേടിയത് 16 റൺസായിരുന്നു. മറുപടി ബാറ്റിംഗിനീറങ്ങിയ ഇന്ത്യയും 16 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ ഇതിനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായി.

ആദ്യ സൂപ്പർ ഓവറിന്റെ അവസാന പന്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 2 റൺസായിരുന്നു . എന്നാൽ വളരെയധികം ക്ഷീണിതനായിരുന്ന രോഹിത് ശർമ ഈ സമയത്ത് നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് തിരികെ പവലയനിലേക്ക് നടന്നു. അവസാന പന്തിൽ ഓടി 2 റൺസെടുക്കാൻ തനിക്ക് സാധിക്കില്ല എന്ന് മനസ്സിലാക്കിയ രോഹിത് ‘റിട്ടയേഡ് ഔട്ടായി’ മടങ്ങുകയായിരുന്നു.

ഇതിന് ശേഷം അടുത്ത സൂപ്പർ ഓവർ ആരംഭിച്ചപ്പോൾ ഇനിയും രോഹിത് ശർമയ്ക്ക് ബാറ്റ് ചെയ്യാൻ സാധിക്കുമോ എന്ന് സംശയം പലർക്കുമുണ്ടായി. എന്നാൽ രോഹിത് ശർമ ക്രീസിലെത്തുകയും സിക്സറും ബൗണ്ടറിയുമായി ഇന്നിംഗ്സ് ആരംഭിക്കുകയും ചെയ്തു. ഇതേ സംബന്ധിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഇത്തരത്തിൽ ഒരു സൂപ്പർ ഓവറിൽ പുറത്തായ ബാറ്റർക്ക് മറ്റൊരു സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ നിയമമുണ്ടോ എന്ന് പരിശോധിക്കാം.

See also  ജയ്സ്ബോള്‍ വീണ്ടും. രാജ്കോട്ടില്‍ തകര്‍പ്പന്‍ സെഞ്ചുറി. ഇന്ത്യ വമ്പന്‍ ലീഡിലേക്ക്

ഐസിസിയുടെ പ്ലെയിങ് സാഹചര്യങ്ങൾ പ്രകാരം ഇത്തരത്തിൽ ഒരു സൂപ്പർ ഓവറിൽ പുറത്തായ ബാറ്റർക്ക് മറ്റൊരു സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ രോഹിത് ആദ്യ സൂപ്പർ ഓവറിൽ പുറത്താവുകയായിരുന്നോ എന്ന ചോദ്യം അവിടെയും നിൽക്കുന്നു. തീർച്ചയായും രോഹിത് ശർമ ആദ്യ സൂപ്പർ ഓവറിൽ ഔട്ട് ആവുകയായിരുന്നു. ‘റിട്ടയേർഡ് ഔട്ടായി’യാണ് രോഹിത് ശർമ ആദ്യ സൂപ്പർ ഓവറിൽ മടങ്ങിയത്. ഒരു ബാറ്റർ തനിക്കേറ്റ പരിക്കു മൂലമോ, അസുഖങ്ങൾ മൂലമോ, മറ്റ് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ മൂലമോ മാത്രം മൈതാനം വിട്ടാൽ മാത്രമേ ‘റിട്ടയേർഡ് നോട്ടൗട്ടാ’യി പ്രഖ്യാപിക്കാൻ സാധിക്കൂ. എന്നാൽ ഇവിടെ രോഹിത് ശർമ അങ്ങനെയല്ല പുറത്തായത്. അതുകൊണ്ടുതന്നെ രോഹിത് റിട്ടയേഡ് ഔട്ടാണ്.

ഇങ്ങനെ പുറത്താവുന്ന ബാറ്റർക്ക് അടുത്ത സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യണമെങ്കിൽ എതിർ ടീം നായകന്റെ അനുമതി ആവശ്യമാണ്. അങ്ങനെയെങ്കിൽ ഇബ്രാഹിം സദ്രാന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ രോഹിത്തിന് അടുത്ത സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ സാധിക്കൂ. എന്നാൽ ഇതേ സംബന്ധിച്ച് വലിയ രീതിയിലുള്ള വ്യക്തത പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.

മത്സരശേഷം അഫ്ഗാനിസ്ഥാൻ പരിശീലകൻ ജൊനാഥൻ ട്രോട്ട് പറഞ്ഞത് തനിക്ക് ഇതേ സംബന്ധിച്ച് യാതൊരു വിവരവുമില്ല എന്നതാണ്. ഇതിന് മുൻപ് ഇത്തരത്തിൽ രണ്ട് സൂപ്പർ ഓവറുകൾ വന്നിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ കൃത്യമായ നിയമങ്ങൾ പാലിച്ചു പോകാൻ സാധിച്ചിട്ടില്ലയെന്നും ട്രോട്ട് പറഞ്ഞു. എന്തായാലും വരും നാളുകളിൽ ഈ നിയമങ്ങൾ ചർച്ച ചെയ്യപ്പെടും എന്നത് ഉറപ്പാണ്.

Scroll to Top