നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബോളറാണ് ജസ്പ്രീത് ബുംറ. എന്നാൽ ബുമ്രയ്ക്കു ശേഷം ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മികച്ചത് ആരാണ് എന്ന ചോദ്യം പലപ്പോഴും നിലനിൽക്കുന്നു. ഇതിനുള്ള ഉത്തരവുമായാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴും ബൂമ്ര കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ ഭുവനേശ്വർ കുമാർ തന്നെയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിനേശ് കാർത്തിക്.
ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിന മത്സരങ്ങളും 87 ട്വന്റി20 മത്സരങ്ങളുമാണ് ഭുവനേശ്വർ കുമാർ കളിച്ചിട്ടുള്ളത്. ഈ ഐപിഎൽ സീസണിൽ 10.75 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഭുവനേശ്വറിനെ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് ഇപ്പോൾ ദിനേശ് കാർത്തിക് തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ പേസറാണ് ഭുവനേശ്വർ കുമാർ. 2 സീസണുകളിൽ പർപ്പിൾ ക്യാപ്പ് വിജയിയായി മാറാനും ഭുവനേശ്വറിന് സാധിച്ചിരുന്നു. പൂനെ വാരിയേഴ്സ്, സൺറൈസേഴ്സ് എന്നീ ടീമുകൾക്കായാണ് ഭുവനേശ്വർ കുമാർ ഇതുവരെ ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്. 176 മത്സരങ്ങൾ ഐപിഎല്ലിൽ കളിച്ചിട്ടുള്ള ഭുവനേശ്വർ 181 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുമുണ്ട്. എന്നിരുന്നാലും 2022 നവംബറിന് ശേഷം ഇന്ത്യയ്ക്കായി ട്വന്റി20 മത്സരങ്ങളിൽ കളിക്കാനുള്ള അവസരം ഭുവനേശ്വറിന് ലഭിച്ചിട്ടില്ല.
നിലവിൽ ഐപിഎല്ലിൽ ബാംഗ്ലൂരിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമായ ദിനേശ് കാർത്തിക് ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെപ്പറ്റി വിലയിരുത്തുകയുണ്ടായി. ഈ സീസണിൽ ബാംഗ്ലൂർ ടീമിൽ കളിക്കാൻ ഒരുങ്ങുന്ന ഭുവനേശ്വർ കുമാർ തങ്ങൾക്ക് വലിയൊരു ആസ്തിയായി മാറും എന്നാണ് ദിനേശ് കാർത്തിക് കരുതുന്നത്.
“ഭുവനേശ്വർ കുമാറിന്റെ റെക്കോർഡുകൾ പരിശോധിക്കുകയാണെങ്കിൽ, ബുംറ കഴിഞ്ഞാൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബോളർ അവനാണ് എന്ന് നമുക്ക് വ്യക്തമാകും. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ട്വന്റി20 ബോളറാണ് ഭുവനേശ്വർ.”- ദിനേശ് കാർത്തിക് പറയുകയുണ്ടായി.
മുൻപ് ഐപിഎല്ലിന്റെ 2009- 10 സീസണിൽ ബാംഗ്ലൂർ ടീമിന്റെ ഭാഗമായിരുന്നു ഭുവനേശ്വർ കുമാർ. എന്നാൽ അന്ന് ടീമിനൊപ്പം കളിക്കാനുള്ള അവസരം ഭുവനേശ്വറിന് ലഭിച്ചിരുന്നില്ല. 2009 ലെ ചാമ്പ്യൻസ് ലീഗിലാണ് ഭുവനേശ്വർ കുമാറിന് ബാംഗ്ലൂർ ടീമിൽ കളിക്കാനുള്ള ഏക അവസരം ലഭിച്ചത്. 2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ കുമാറിനായി മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഐപിഎല്ലിൽ മികച്ച പ്രകടനങ്ങളാണ് ഭുവനേശ്വർ കാഴ്ചവെച്ചിരുന്നത്. ഇതിന് ശേഷമാണ് ഈ ടീമുകൾ രംഗത്തെത്തിയത്. 10.75 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ ഭുവനേശ്വറിനെ സ്വന്തമാക്കിയത്.