ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ 99 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ശുഭമാൻ ഗിൽ, ശ്രേയസ് അയ്യര്‍ എന്നിവരുടെ സെഞ്ച്വറിയായിരുന്നു ഇന്ത്യൻ വിജയത്തിന് ചവിട്ടുപടിയായത്.
ശുഭ്മാൻ ഗിൽ 97 പന്തുകളിൽ 104 റൺസ് നേടിയപ്പോൾ, ശ്രെയസ് അയ്യർ 90 പന്തുകളിൽ 105 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കായി ഒരു ബാറ്റർ പോലും സെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചില്ല. മത്സരത്തിലെ ഈ ഉഗ്രൻ വിജയത്തിന് ശേഷം നായകൻ കെഎൽ രാഹുൽ സംസാരിക്കുകയുണ്ടായി.
“മത്സരത്തിന് മുൻപ് ഈ വിക്കറ്റ് കണ്ടപ്പോൾ ഞാൻ കരുതിയത് സ്പിന്നിനെ അനുകൂലിക്കും എന്നാണ്. എന്നിരുന്നാലും 400 റൺസ് സ്കോർ ചെയ്യാൻ പറ്റിയത് ഒരുപാട് ആത്മവിശ്വാസം ഉണ്ടാക്കി. ഞങ്ങൾക്ക് ഞങ്ങളുടെ ജോലിയെക്കുറിച്ച് വ്യക്തതയുണ്ട്. പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ട മുഴുവൻ താരങ്ങളും അവരുടേതായ ജോലിയിൽ കൃത്യത പുലർത്താനാണ് ശ്രമിക്കേണ്ടത്. എല്ലാവർക്കും കൃത്യമായ സമയങ്ങളിൽ അവസരം നൽകാനും ശ്രമിക്കാറുണ്ട്. കിട്ടിയ അവസരങ്ങൾ എല്ലാ ബാറ്റർമാരും നന്നായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.”- രാഹുൽ പറഞ്ഞു.
“മത്സരത്തിൽ ഞങ്ങൾ കുറച്ച് ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയുണ്ടായി. രാത്രി ലൈറ്റിന്റെ താഴെ നിന്ന് ഇത്തരത്തിൽ ക്യാച്ചുകൾ സ്വന്തമാക്കുക എന്നത് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും കളിക്കാരുടെ ഫിറ്റ്നസ് പൂർണമായി നിലനിർത്താനായി ഞങ്ങളുടെ പരിശീലകർ പരമാവധി ശ്രമിക്കുന്നുണ്ട്. ചില സമയങ്ങളിൽ ഇത്തരത്തിൽ ക്യാച്ച് നഷ്ടം അടക്കമുള്ള തെറ്റുകൾ സംഭവിക്കാം.
എന്നിരുന്നാലും പൂർണ്ണ ആത്മാർത്ഥതയോടെയാണ് കളിക്കാരൊക്കെയും മൈതാനത്ത് തുടരുന്നത്. ഈ മത്സരത്തിൽ ഉണ്ടായ തെറ്റുകൾ തിരുത്തി അടുത്ത മത്സരത്തിൽ തിരിച്ചുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- കെഎൽ രാഹുൽ കൂട്ടിച്ചേർത്തു.
അടുത്ത മത്സരത്തിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലേക്ക് തിരികെ വരാനിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യ ഇറങ്ങുമോ എന്ന ചോദ്യത്തിന് രാഹുൽ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “അതേ സംബന്ധിച്ച് യാതൊരു കാര്യങ്ങളും ഇതുവരെ ചർച്ച ചെയ്തിട്ടില്ല. എന്നിരുന്നാലും ടീമിലേക്ക് തിരികെയെത്തുന്ന കളിക്കാർക്ക് കുറച്ച് ഗെയിം ടൈം ആവശ്യമാണ്. ലോകകപ്പിന് കേവലം ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഈ സമയത്ത് അവർക്കും മൈതാനത്ത് ഇറങ്ങി കളിക്കാൻ താല്പര്യമുണ്ടാകും.”- രാഹുൽ പറഞ്ഞുവയ്ക്കുന്നു.