ലോകക്രിക്കറ്റിലെ എൽ ക്ലാസിക്കോ പോരാട്ടങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കാറുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ മറ്റ് ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ദ്വിരാഷ്ട്ര പരമ്പരകൾ അരങ്ങേറാറില്ല. അതിനാൽ ഐസിസി ഇവന്റ്കളിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങൾ വരുമ്പോൾ ആരാധകർ അങ്ങേയറ്റം ആവേശത്തിലാവുകയും ചെയ്യുന്നു. 1990കളിലായിരുന്നു ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങൾ അങ്ങേയറ്റം ആവേശം സൃഷ്ടിക്കാൻ ആരംഭിച്ചത്.
സച്ചിൻ ടെണ്ടുൽക്കറും മുഹമ്മദ് അസറുദ്ദീനും വസീം അക്രമും അണിനിരന്ന മത്സരങ്ങൾ ഇപ്പോഴും ആവേശമാണ്. അന്ന് സച്ചിൻ ടെണ്ടുൽക്കർ തങ്ങൾക്ക് എത്രമാത്രം വെല്ലുവിളി സൃഷ്ടിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പാക് താരം ബാസിത് അലി.
സച്ചിനാണ് തങ്ങളെ ഭയപ്പെടുത്തിയിരുന്ന ബാറ്റർ എന്ന് ബാസിത് പറയുകയുണ്ടായി. പാകിസ്താന്റെ ഇതിഹാസ പേസറായ വസീം അക്രമുമായുള്ള സംഭാഷണത്തെപ്പറ്റിയും ബാസിത് അലി പറയുന്നു. എങ്ങനെയെങ്കിലും സച്ചിനെ പുറത്താക്കുക എന്നത് മാത്രമായിരുന്നു അന്ന് തങ്ങളുടെ ലക്ഷ്യം എന്ന് ബാസിത് കൂട്ടിച്ചേർത്തു. സച്ചിൻ പുറത്തായാൽ മത്സരം വിജയിച്ച പ്രതീതിയായിരുന്നു അന്ന് പാക്കിസ്ഥാൻ ടീമിൽ ഉണ്ടായിരുന്നതെന്ന് ബാസിത് പറയുന്നു. വമ്പൻ ബാറ്റർ ആയിരുന്നിട്ട് കൂടി മുഹമ്മദ് അസറുദ്ദീനെ തങ്ങൾ ഭയപ്പെട്ടിരുന്നില്ലയെന്നും, സച്ചിനെ തങ്ങൾക്ക് ഭയമായിരുന്നുവെന്നും ബാസിത് കൂട്ടിച്ചേർത്തു.
“അന്ന് സച്ചിൻ മുൻനിര ബാറ്ററായിരുന്നു. ഞാൻ ഒരു മധ്യനിര ബാറ്ററുമായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഞങ്ങളുടെ ടീം മീറ്റിങ്ങുകളിൽ ഞങ്ങളുടെ ആ സമയത്തെ നായകൻ വസീം അക്രം എല്ലായിപ്പോഴും പറയുന്നത് ഒരു കാര്യം മാത്രമായിരുന്നു. പരിശീലന സമയത്താണെങ്കിലും ഭക്ഷണ സമയത്ത് ആണെങ്കിലും സച്ചിനെ പുറത്താക്കിയാൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമെന്ന് അന്ന് വസീം അക്രം പറയുമായിരുന്നു. അന്നത്തെ മത്സരങ്ങളിൽ സച്ചിൻ പുറത്തായ ഉടൻ തന്നെ പാക്കിസ്ഥാൻ മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയിരുന്നു. അസറുദ്ദീനെ പോലെ വമ്പൻ ബാറ്റർമാർ മൈതാനത്ത് ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അസറുദ്ദീനെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. എന്നാൽ സച്ചിൻ ടെണ്ടുൽക്കറെ ഞങ്ങൾ ഒരുപാട് ഭയപ്പെട്ടു.”- ബാസിത് അലി പറയുന്നു.
മുൻപും പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു സമയത്ത് ഇന്ത്യൻ ടീമിന്റെ പൂർണ്ണമായ നെടുംതൂണായി മാറാൻ സച്ചിൻ ടെണ്ടുൽക്കർക്ക് സാധിച്ചിരുന്നു. മൈതാനത്ത് അങ്ങേയറ്റം പക്വതയോടെ പെരുമാറുന്ന സച്ചിൻ ടെണ്ടുൽക്കർ ശുഐബ് അക്തർ അടക്കമുള്ള പാക്കിസ്ഥാൻ ബോളർമാർക്ക് വലിയ പേടിസ്വപ്നം തന്നെയായിരുന്നു. ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ പല ചരിത്ര വിജയങ്ങളുടെയും വിലങ്ങു തടിയായി നിന്നിരുന്നത് സച്ചിന്റെ മാസ്മരിക പ്രകടനങ്ങൾ തന്നെയാണ്