ആ 2 ഇന്ത്യൻ ബോളർമാരെ ഞങ്ങൾ ഭയക്കുന്നു. തുറന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തങ്ങൾക്ക് ഏറ്റവും ഭയമുള്ള ഇന്ത്യൻ താരങ്ങളെ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത്. ഇന്ത്യയുടെ പേസർമാരായ മുഹമ്മദ് ഷാമിയെയും മുഹമ്മദ് സിറാജിനെയുമാണ് ഓസ്ട്രേലിയ ഭയപ്പെടുന്നത് എന്നാണ് സ്മിത്ത് പറയുന്നത്. ഇരുവരും സമീപ സമയങ്ങളിൽ ഓസ്ട്രേലിയക്ക് വലിയ രീതിയിൽ ഭീഷണി ഉണ്ടാക്കിയിട്ടുണ്ട് എന്നും സ്മിത്ത് വിലയിരുത്തുന്നു. ഫൈനൽ മത്സരത്തിനു മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് സ്മിത്ത് തന്റെ നിരീക്ഷണം അറിയിച്ചത്.

സിറാജിനും ഷാമിക്കും പുറമേ മറ്റു ഇന്ത്യൻ ബോളർമാർക്കെതിരെയും ആധിപത്യം നേടുക എന്നത് വലിയ വെല്ലുവിളിയാണ് എന്ന് സ്മിത്ത് വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. “ഇന്ത്യയ്ക്ക് വളരെ നിലവാരമുള്ള പേസ് ബോളർമാരുണ്ട്. അവരിൽ പ്രധാനപ്പെട്ടവർ സിറാജും ഷാമിയുമാണ്. മത്സരത്തിൽ ഉപയോഗിക്കുന്ന ഡ്യൂക്ക് ബോളുകൾ ഇവരുടെ ബോളിങ്ങിന് യോജിച്ചതുമാണ്. മാത്രമല്ല മികച്ച സ്പിന്നർമാരും ഇന്ത്യയ്ക്കുണ്ട്. ഓവൽ മൈതാനത്തെ സാഹചര്യങ്ങൾ സ്പിന്നിനെ അനുകൂലിക്കുന്നതാണ്. ഇന്ത്യക്കുള്ളത് വളരെ നല്ല ഒരു ബോളിഗ് നിരയാണ്. ആ ബോളിങ്ങിനെതിരെ ആധിപത്യം നേടുക എന്നത് വലിയ വെല്ലുവിളി ഉയർത്തുന്നു.”- സ്മിത്ത് പറയുന്നു.

ഇതോടൊപ്പം ഹേസൽവുഡിന് പകരം ടീമിലെത്തിയ കളിക്കാരെ സംബന്ധിച്ചും സ്മിത്ത് തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.” ഹേസൽവുഡിന് പകരം ടീമിലെത്തിയ നീസറും ബോളണ്ടും മികവാർന്ന പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നീസറിന് നേരിട്ട് പ്ലെയിങ് ഇലവനിൽ കളിക്കാനുള്ള പ്രതിഭയുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഞാൻ നിസറിന്റെ പന്തുകൾ നേരിടുകയുണ്ടായി. അദ്ദേഹം മികച്ച ഒരു ബോളറാണ്. മാത്രമല്ല ബാറ്റിങ്ങിലും തിളങ്ങാൻ നീസറിന് സാധിക്കും. “- സ്മിത്ത് വളരെ ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു.

2013ലായിരുന്നു ഇന്ത്യ അവസാനമായി ഐസിസി ട്രോഫി സ്വന്തമാക്കിയത്. അതിനുശേഷം മറ്റൊരു ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ഈ മത്സരത്തിൽ വിജയം നേടി അതിന് വിരാമമിടാൻ സാധിക്കും എന്നാണ് ഇന്ത്യ കരുതുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3:00 മണിക്കാണ് മത്സരം നടക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളാണ് മത്സരത്തിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാർ. മാത്രമല്ല ഹോട്ട്സ്റ്റാറിലും മത്സരം ലഭ്യമാണ്.

Previous articleപാകിസ്ഥാനെ തള്ളിപ്പറഞ്ഞ് ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും. ഏഷ്യകപ്പ്‌ ഹൈബ്രിഡ് മോഡൽ വെള്ളത്തിൽ.
Next articleടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ; ടോസ് ഭാഗ്യം ഇന്ത്യക്ക്. അശ്വിന്‍ ഇല്ലാതെ ഇന്ത്യ