ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അവിചാരിതമായ പരാജയമാണ് ഇന്ത്യയെ തേടിയെത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ വമ്പൻ ലീഡ് സ്വന്തമാക്കാൻ സാധിച്ചിട്ടും വളരെ മോശം പ്രകടനം മൂലം മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി.
പ്രധാനമായും മത്സരത്തിൽ ഇന്ത്യ പുലർത്തിയ പ്രതിരോധാത്മകമായ സമീപനത്തെയാണ് മുൻ താരങ്ങളും എക്സ്പേർട്ടുകളും വിമർശിക്കുന്നത്. എന്നിരുന്നാലും മത്സരത്തിലെ ഓലി പോപ്പിന്റെ ഇന്നിംഗ്സാണ് തങ്ങളുടെ വിജയം തട്ടി മാറ്റിയത് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി. തങ്ങൾ മികച്ച ലൈനിലും ലെങ്തിലും പന്തറിഞ്ഞിട്ടും പോപ്പ് വളരെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു എന്ന് രോഹിത് പറയുന്നു.
“എവിടെയാണ് പിഴവ് പറ്റിയത് എന്ന് കൃത്യമായി പറയാൻ എനിക്ക് സാധിക്കുന്നില്ല. ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഞങ്ങൾ ബാറ്റിംഗിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്തു എന്നാണ് ഞാൻ കരുതിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഓലി പോപ്പ് മികച്ചുനിന്നു. അവിസ്മരണീയ ബാറ്റിംഗായിരുന്നു പോപ്പ് കാഴ്ചവച്ചത്.”
“ഇന്ത്യൻ സാഹചര്യത്തിലെ ഒരു വിദേശ ബാറ്ററുടെ ഏറ്റവും മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്. വളരെ അവിശ്വസനീയമായ ഇന്നിംഗ്സാണ് പോപ്പ് കളിച്ചത്. ഞങ്ങൾ മത്സരത്തിലുടനീളം മികച്ച ഏരിയകളിൽ തന്നെയായിരുന്നു പന്തറിഞ്ഞത്. ബോളർമാർ കൃത്യമായി തന്ത്രങ്ങൾ പ്രായോഗികമാക്കുകയും ചെയ്തു. എന്നാൽ പോപ്പ് അതിനെതിരെ നന്നായി തന്നെ കളിച്ചു. പോപ്പിന് ആശംസകൾ അറിയിക്കുന്നു.”- രോഹിത് പറഞ്ഞു.
“സത്യസന്ധമായി പറയുകയാണെങ്കിൽ ഒരു ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ വേണ്ട രീതിയിൽ ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവസാന വിക്കറ്റിൽ സിറാജും ബുംറയും ചേർന്ന് മത്സരം അഞ്ചാം ദിവസത്തേക്ക് കൊണ്ടുവരണം എന്നതായിരുന്നു ഞങ്ങൾക്ക് ആവശ്യം.”
“എന്നിരുന്നാലും ഞങ്ങളുടെ വാലറ്റ ബാറ്റർമാർ വളരെ മികച്ച രീതിയിൽ തന്നെ പോരാട്ടം നയിക്കുകയുണ്ടായി. മത്സരത്തിൽ ബുദ്ധിപരമായി ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ ഞങ്ങൾക്ക് സാധിച്ചില്ല എന്ന് ഞാൻ കരുതുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
മത്സരത്തിലെ വിജയം തന്റെ നായക കരിയറിലെ അവിസ്മരണീയ വിജയങ്ങളിൽ ഒന്നാണ് എന്നാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് മത്സരശേഷം പറഞ്ഞത്. ഇന്ത്യൻ സ്പിന്നർമാർ ഏതുതരത്തിലാണ് പന്തറിയുന്നതെന്നും, രോഹിത് ഏതുതരത്തിലാണ് ഫീൽഡ് സെറ്റ് ചെയ്യുന്നതെന്നും അടക്കമുള്ള കാര്യങ്ങൾ താൻ വളരെ നിർണായകമായി നിരീക്ഷിച്ചിരുന്നുവെന്നും സ്റ്റോക്സ് പറഞ്ഞു.
അതുകൊണ്ടു തന്നെ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്നും സ്റ്റോക്സ് പറയുകയുണ്ടായി. മത്സരത്തിലെ പോപ്പിന്റെ ഇന്നിംഗ്സ് ഒരു ഇംഗ്ലീഷ് ബാറ്ററുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണെന്ന് സ്റ്റോക്സ് കൂട്ടിച്ചേർക്കുകയുണ്ടായി.