ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം മറ്റൊരു അപൂർവ്വ നേട്ടത്തിനും കൂടിയാണ് അവകാശിയായി മാറിയത്. തുടർച്ചയായ ടി :20 ജയങ്ങൾ രോഹിത് ശർമ്മക്കും ടീമിനും കയ്യടികൾ സമ്മാനിക്കുമ്പോൾ യുവ താരങ്ങളുടെ പ്രകടനവും വളരെ അധികം ശ്രദ്ധേയമായി.എന്നാൽ മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനത്തിൽ ആശങ്കകൾ പങ്കുവെക്കുകയാണിപ്പോൾ മുൻ താരങ്ങൾ അടക്കം.
വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ബാക്കപ്പ് വിക്കറ്റ് കീപ്പർ റോളിൽ ഇന്ത്യൻ ടീമിലേക്ക് സ്ഥാനം നേടാനുള്ള അവസരം സഞ്ജു നശിപ്പിച്ചുവെന്നാണ് ചില താരങ്ങളുടെ അഭിപ്രായം. സഞ്ജുവിന്റെ പ്രകടനത്തിൽ വളരെ അധികം വിഷമവുമുണ്ടെന്ന് വസീം ജാഫർ വിശദമാക്കിയിരുന്നു.
അതേസമയം ഇന്ത്യൻ ടി :20 ടീമിലിടം നേടുവാൻ സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഈ ഒരു പ്രകടനം പര്യാപ്തമാകില്ലെന്ന് പറയുകയാണിപ്പോൾ മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്. ബാറ്റിംഗിനായി അവസരം ലഭിച്ച രണ്ട് കളികളിലും സഞ്ജു സാംസൺ വലിയ സ്കോറിലേക്ക് എത്തിയില്ലെന്ന് പറഞ്ഞ സൽമാൻ ബട്ട് മികച്ച തുടക്കങ്ങളെ ഉപയോഗിക്കാനായി കഴിഞ്ഞില്ലെങ്കിൽ എങ്ങനെ വലിയൊരു സ്കോറിലേക്ക് എത്തുമെന്നും വിമർശനം ഉന്നയിച്ചു.
” സഞ്ജു സാംസണിൽ പ്രതിഭയുണ്ട്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോൾ ആ പ്രതിഭക്കൊപ്പമുള്ള പ്രകടനം ആവർത്തിക്കാൻ സഞ്ജുവിന് കഴിയുന്നില്ല. മികച്ച തുടക്കം ഒരു മികച്ച അവസരമായി കണ്ട് വലിയ ഇന്നിങ്സ് ആക്കി മാറ്റുവാൻ സഞ്ജുവിന് ഇനിയും എങ്കിലും സാധിക്കണം. ഒരിക്കലും ഈ കളി കൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥിരമായി മാറാൻ സാധിക്കില്ല. ഏതൊരു യുവ താരവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിക്കുന്ന ഓരോ അവസരവും മികച്ച രീതിയിൽ ഉപയോഗിക്കണം. നമ്മൾ എല്ലാം അതാണ് സഞ്ജുവിൽ നിന്നും പ്രതീക്ഷിക്കുന്നത് ” സൽമാൻ ബട്ട് തന്റെ അഭിപ്രായം വിശദമാക്കി.