ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ദയനീയമായ പരാജയം തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ തീർത്തും ഓസ്ട്രേലിയ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 469 എന്ന കൂറ്റൻ സ്കോർ ഓസ്ട്രേലിയ പടുത്തുയർത്തിയതോടെ ഇന്ത്യയുടെ കയ്യിൽ നിന്നും മത്സരം നഷ്ടമായി. പിന്നീട് ഇന്ത്യ പൊരുതാൻ ശ്രമിച്ചപ്പോഴൊക്കെയും ഓസ്ട്രേലിയ തങ്ങളുടെ ആധിപത്യം കാട്ടുകയുണ്ടായി. മത്സരത്തിൽ 209 റൺസിന്റെ ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിലെ പരാജയത്തിന്റെ പ്രധാന കാരണങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇപ്പോൾ.
മത്സരത്തിനായി കൃത്യമായി തയ്യാറെടുക്കാൻ സമയം ലഭിച്ചില്ല എന്ന് തുറന്നു പറയുകയാണ് രാഹുൽ ദ്രാവിഡ്. മെയ് മാസം അവസാനമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചത്. അതിനുശേഷം കേവലം ഒരാഴ്ച മാത്രമാണ് ഇന്ത്യയ്ക്ക് ഫൈനലിനുള്ള തയ്യാറെടുപ്പിനായി ലഭിച്ചത്. ഈ സമയത്ത് മാത്രമാണ് മുഴുവൻ സ്‌ക്വാഡ് അംഗങ്ങളും ടീമിനൊപ്പം ചേർന്നത്. അതിനാൽ തന്നെ കേവലം ഒരാഴ്ച കൊണ്ട് വലിയ രീതിയിൽ തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചില്ല എന്നാണ് ദ്രാവിഡ് പറയുന്നത്. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യക്കെതിരായ ഫൈനലിനൊപ്പം ആഷസ് ടൂർണമെന്റ് മുൻപിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ അവരുടെ പ്രധാന താരങ്ങളൊക്കെയും ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുകയും ടെസ്റ്റ് മത്സരങ്ങൾക്കായി തയ്യാറാവുകയും ചെയ്തു.
“ഇന്ത്യയുടെ ഇത്തവണത്തെ ഷെഡ്യൂൾ വളരെ ടൈറ്റാണ്. ഐപിഎല്ലിന് ശേഷം ഞങ്ങൾക്ക് ഫൈനലിനായി തയ്യാറെടുക്കാൻ ലഭിച്ചത് കേവലം ഒരാഴ്ച മാത്രമായിരുന്നു. ഇക്കാര്യം ഞാൻ പറയുന്നത് ഒരു എക്സ്ക്യൂസ് ആയല്ല. മത്സരത്തിലെ പരാജയം എന്തുകൊണ്ടും ഞങ്ങൾ അംഗീകരിക്കുന്നു. ഇതിനൊപ്പം മത്സരത്തിൽ വിജയം നേടിയ ഓസ്ട്രേലിയയ്ക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്യുന്നു.”- രാഹുൽ മത്സരത്തിനു ശേഷം പറഞ്ഞു.
മുൻനിര ബാറ്റർമാരുടെ പതനമായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ രീതിയിൽ തിരിച്ചടിയായി മാറിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയുണ്ടായി. അതോടെ ഓസ്ട്രേലിയ മത്സരത്തിൽ ഒരുപാട് മുൻപിലെത്തി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പൊരുതി നോക്കിയെങ്കിലും വലിയ ഇന്നിങ്‌സുകൾ കെട്ടിപ്പടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഒരു ബാറ്റർക്ക് പോലും 50 റൺസിന് മുകളിൽ നേടാൻ സാധിച്ചില്ല എന്നതും പ്രധാന കാര്യമാണ്. എന്തായാലും വരും ദിവസങ്ങളിൽ ഈ മത്സരത്തെക്കുറിച്ച് കൂടുതൽ ചർച്ചയുണ്ടാകും എന്നത് ഉറപ്പാണ്.