ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അത്യന്തം ആവേശപൂർവ്വം മുൻപോട്ട് പോകുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാവരും മികച്ച ഒരു ടെസ്റ്റ് പരമ്പര കാണുവാൻ സാധിക്കുന്ന ത്രില്ലിലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ വാശിയേറിയ പോരാട്ടങ്ങൾക്ക് പരമ്പര സാക്ഷിയാകുമെന്നാണ് ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നത്. നേരത്തെ ആദ്യ ടെസ്റ്റ് നിരാശയുടെ സമനിലയിലാണ് അവസാനിച്ചതെന്നത് ക്രിക്കറ്റ് പ്രേമികളെ എല്ലാം നിരാശപെടുത്തിയിരുന്നു. മഴ കാരണം ആദ്യ ടെസ്റ്റിലെ അഞ്ചാം ദിനം ഒരു പന്ത് പോലും ഏറിയുവാനായി സാധിച്ചിരുന്നില്ല. അവസാന ദിനം 157 റൺസ് നേടേണ്ടിയിരുന്ന ഇന്ത്യൻ ടീം പക്ഷേ പൂർണ്ണമായ ജയപ്രതീക്ഷയിൽ തന്നെയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസമാണ് ഐസിസി ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന് ഇരു ടീമുകൾക്കും മാച്ച് ഫീസ് ഇനത്തിൽ 40 ശതമാനം പിഴയും ഒപ്പം ഇന്ത്യക്കും ഇംഗ്ലണ്ടിനും മറ്റൊരു തിരിച്ചടി നൽകി രണ്ട് പോയ്ന്റ്സ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നിന്നും കുറക്കാനും തീരുമാനിച്ചത്. പിഴ ശിക്ഷ കൂടാതെ പോയിന്റ് വെട്ടികുറച്ചത് പല വിമർശനങ്ങൾക്കും ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.നിശ്ചിത ഓവറുകൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ഐസിസി നടപടി.രണ്ട് ഓവറുകളാണ് ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾ കുറച്ചെറിഞ്ഞത്. പോയിന്റുകൾക്ക് ഏറെ പ്രാധാന്യമുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പ്രധാനപെട്ട രണ്ട് പോയിന്റ് കുറഞ്ഞതിലുള്ള അരിശവും ഒപ്പം ടീമിന്റെ നിലപാടും വിശദമാക്കി രംഗത്ത് എത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.2 പോയിന്റ് നഷ്ടമായതിലുള്ള വിഷമവും കോഹ്ലി ഇന്നലെ പ്രസ്സ് മീറ്റിൽ വിശദമാക്കി
“വളരെ നിർണായകമായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് പോയിന്റുകൾ ഈ ഒരുവിധം നഷ്ടമായതിൽ ഞങ്ങൾ ഒട്ടും സന്തുഷ്ടരല്ല.മത്സരത്തിൽ വെറും രണ്ട് ഓവർ വൈകിയതിനാലാണ് ഇങ്ങനെ ഒരു ശിക്ഷ. പക്ഷേ ഇത് ടീമിനെ ഭാവിയിൽ ബാധിക്കും. ഇനി എങ്ങനെ ഒരു സംഭവം വീണ്ടും ആവർത്തിക്കാൻ പാടില്ല എന്ന് തന്നെയാണ് ആഗ്രഹം. ഇനി ഈ കാര്യം ടീം ശ്രദ്ധിക്കും ” വിരാട് കോഹ്ലി നിലപാട് വ്യക്തമാക്കി