കണ്ണീര്‍ പൊഴിച്ച് സര്‍ഫ്രാസ് ഖാന്‍. വൈറലായി സെഞ്ചുറി ആഘോഷം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈ ആദ്യ ഇന്നിംഗ്സില്‍ 374 റണ്‍സ് നേടി. ബാറ്റിംഗ് ഫോം തുടര്‍ന്ന സര്‍ഫ്രാസ് ഖാന്‍റെ സെഞ്ചുറിയാണ് മുംബൈ ഇന്നിംഗ്സിനു തുണയായത്. അവസാന താരമായി സര്‍ഫ്രാസ് ഖാന്‍ പുറത്താകുമ്പോള്‍, മുംബൈ താരം 134 റണ്‍സ് നേടി. ഒരറ്റത്ത് വിക്കറ്റുകള്‍ പോകുമ്പോഴായിരുന്നു വാലറ്റത്തെ കൂട്ടുപിടിച്ച് സര്‍ഫ്രാസ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. 243 പന്തില്‍ 13 ഫോറും 2 സിക്‌സുമാണ് താരം നേടിയത്.

സീസണിലെ നാലാം സെഞ്ചുറിയാണ് സര്‍ഫ്രാസ് ഖാന്‍ നേടിയത്. വികാരഭരിതനായിട്ടായിരുന്നു സര്‍ഫ്രാസ് തന്‍റെ സെഞ്ചുറി ആഘോഷിച്ചത്. ഗ്യാലറിയില്‍ നോക്കി ആക്രോശിച്ച താരം ആനന്ദാശ്രൂ പൊഴിച്ചു. പിന്നാലെ ശിഖാര്‍ ധവാന്‍റെ ശൈലിയില്‍ തുടയില്‍ തല്ലി തന്‍റെ സെഞ്ചുറി നേട്ടം ആഘോഷിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ പൃഥി ഷായും (47) യശ്വസി ജയ്സ്വാളും (78) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ ഇരുവരുടേയും വിക്കറ്റുകള്‍ക്ക് ശേഷം കൃത്യമായ ഇടവേളകളില്‍ മധ്യപ്രദേശ് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ സര്‍ഫ്രാസ് ഖാന്‍ മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു.

മധ്യപ്രദേശിനു വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. അനുഭവ് അഗര്‍വാള്‍ 3 ഉം സരണ്‍ഷ് ജെയിന്‍ 2 ഉം ശേഷിച്ച ഒരു വിക്കറ്റ് കുമാര്‍ കാര്‍ത്തികയും നേടി.

Previous articleടി :20 ക്രിക്കറ്റിൽ അവൻ സൂപ്പർ സ്റ്റാർ: വാനോളം പുകഴ്ത്തി ബ്രാഡ് ഹോഗ്
Next articleകൈയ്യില്‍ നിന്നും പന്ത് വഴുതി. ദയ കാണിക്കാതെ ജോസ് ബട്ട്ലര്‍.