എന്റെ ക്യാച്ചിനെ പ്രശംസിക്കൂ സംഗ ഭായ് ” രാജസ്ഥാൻ ക്യാമ്പിൽ ചിരി പടർത്തി സഞ്ജു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു ഉജ്ജ്വലവിജയമാണ് രാജസ്ഥാൻ റോയൽസ് കയ്യടക്കിയത്. മത്സരത്തിൽ 57 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ഈ വിജയത്തോടെ രാജസ്ഥാൻ 2023 ഐപിഎല്ലിലെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറുകളിൽ 199 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് 142 റൺസ് നേടാനേ സാധിച്ചുള്ളൂ. മത്സരശേഷം രാജസ്ഥാൻ കോച്ച് കുമാർ സംഗക്കാര തങ്ങളുടെ ടീമംഗങ്ങളുമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോയ്ക്കിടയിൽ സഞ്ജുവിന്റെ ആംഗ്യങ്ങളാണ് രസകരമായി നിൽക്കുന്നത്.

മത്സരശേഷം തങ്ങളുടെ ടീമുകളെ വളരെയധികം പ്രശംസിക്കുന്ന കുമാർ സംഗക്കാരയെ നമുക്ക് വീഡിയോയിൽ കാണാനാവും. മത്സരത്തിൽ ടീം അംഗങ്ങൾ കളിച്ച രീതിയും ക്യാപ്റ്റൻ അവരെ നിയന്ത്രിച്ച രീതിയുമൊക്കെ കുമാർ സംഗക്കാര എടുത്തു പറയുകയുണ്ടായി. സഞ്ജു വളരെ മികച്ച രീതിയിൽ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തു എന്നാണ് സംഗക്കാര പറഞ്ഞത്. എന്നാൽ ഈ സമയത്ത് മത്സരത്തിലെ തന്റെ ക്യാച്ചിനെ പറ്റി സംസാരിക്കാൻ സഞ്ജു ആംഗ്യം കാട്ടുകയുണ്ടായി. ആ ക്യാച്ചിനെ പറ്റി പറയാൻ താൻ മറന്നുപോയതാണ് എന്നാണ് സംഗക്കാര സഞ്ജുവിന് നൽകിയ മറുപടി. പിന്നീട് രാജസ്ഥാൻ ക്യാമ്പിൽ സഞ്ജുവിന്റെ ഈ ആംഗ്യം ചിരി പടർത്തുന്നതും കാണാമായിരുന്നു.

20230408 175852

ശേഷം സഞ്ജു മത്സരത്തിൽ നേടിയത് ഒരു അവിശ്വസനീയവും അതിമനോഹരവുമായി ക്യാച്ചാണ് എന്ന് സംഗക്കാര പറഞ്ഞു. “മത്സരത്തിൽ രാജസ്ഥാൻ ബോളിംഗ് നിരയെ വളരെ മികച്ച രീതിയിൽ അണിനിരത്താൻ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്. പലപ്പോഴും തീരുമാനമെടുക്കുമ്പോൾ സഞ്ജു തെല്ലും ഭയപ്പെടാറില്ല.”- സംഗക്കാര പറയുകയുണ്ടായി. ഇതിനുശേഷമായിരുന്നു സഞ്ജു തന്റെ ക്യാച്ചിനെ പറ്റി പറയാൻ സംഗക്കാരയോട് ആവശ്യപ്പെട്ടത്.

ഡൽഹിയുടെ തുടർച്ചയായ രണ്ടാം പരാജയമായിരുന്നു മത്സരത്തിൽ നേരിട്ടത്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയായിരുന്നു സഞ്ജു സാംസൺ മത്സരത്തിൽ നേടിയ അവിശ്വസനീയമായ ക്യാച്ച്. ഇന്നിങ്സിലെ മൂന്നാം പന്തിൽ ട്രെൻഡ് ബോൾട്ടിന്റെ പന്ത് ഡ്രൈവ് ചെയ്യാൻ പൃഥ്വി ഷാ ശ്രമിക്കുകയായിരുന്നു. എന്നാൽ മൂവ് ചെയ്തുവന്ന പന്ത് ഷായുടെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട ശേഷം ഒന്നാം സ്ലിപ്പിലേക്ക് പറന്നു. തന്റെ ഫുൾ സ്ട്രച്ച് എടുത്ത് വലതുവശത്തേക്ക് ചാടി ഒറ്റക്കൈയിൽ സഞ്ജു ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

Previous article❛പോട്ടേടാ..നീ ശക്തമായി തിരിച്ചുവരും❜. യാഷ് ദയാലിനോട് കൊല്‍ക്കത്ത പറഞ്ഞത് ഇങ്ങനെ
Next articleവെള്ളവും ഇല്ല,ലൈറ്റും ഇല്ല,വണ്ടിയും ഇല്ല!ഇന്ത്യൻ സൂപ്പർ കപ്പിന് എത്തിയ ടീമുകൾ ദുരിതത്തിൽ,വീഡിയോ കാണാം..