വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. 191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു നിശ്ചിത 20 ഓവറില്‍ 122 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 68 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയും ദിനേശ് കാര്‍ത്തികിന്‍റെ ഫിനിഷിങ്ങുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 44 പന്തില്‍ 7 ഫോറും 2 സിക്സുമായി രോഹിത് ശര്‍മ്മ 64 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് (24) ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ നിരാശപ്പെടുത്തി.
15ാം ഓവറില്‍ രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷമാണ് ദിനേശ് കാര്‍ത്തിക് ബാറ് ചെയ്യാന്‍ എത്തുന്നത്. പതിയെ തുടങ്ങിയ ദിനേശ് കാര്‍ത്തിക് പിന്നീട് വേഗത കൂട്ടി. ആദ്യ 12 പന്തില്‍ 17 റണ്‍സ് നേടിയ വെറ്ററന്‍ താരം അടുത്ത 7 പന്തില്‍ 24 റണ്‍സ് അടിച്ചെടുത്തു. അശ്വിനൊപ്പം 25 പന്തില്‍ 52 റണ്‍സ് കൂട്ടുകെട്ടിനൊപ്പം പങ്കാളിയാവുകയും ചെയ്തു.
215.79 സ്ട്രൈക്കില്‍ ബാറ്റ് വീശിയ കാര്‍ത്തികാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടി20 ലോകകപ്പില്‍ ഫിനിഷിങ്ങ് ജോലി ചെയ്യാന്‍ വേറെ ആരെയും നോക്കണ്ട എന്ന് പറയത്തക്ക പ്രകടനമാണ് ദിനേശ് കാര്‍ത്തിക് പുറത്തെടുത്തത്. തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിരവധി പ്രശംസയാണ് ഡികെക്ക് ലഭിക്കുന്നത്.