ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീം പുതിയ ദൗത്യത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ സംസാരിക്കുന്നത്. വിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യ മാറ്റങ്ങൾക്ക് തയ്യാറാവണം എന്നാണ് ജാഫർ പറയുന്നത്. അതിനായി പുതിയ നാല് താരങ്ങളെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നും ജാഫർ നിർദ്ദേശിച്ചു. അതിലൊന്ന് മലയാളി താരം സഞ്ജു സാംസണാണ്. എന്നാൽ സഞ്ജുവിനെ ഏകദിന ഫോർമാറ്റിൽ മാത്രമേ ഇന്ത്യ കളിപ്പിക്കാവൂ എന്നും ജാഫർ പറയുകയുണ്ടായി.
“ഇന്ത്യൻ ടീം ഭയമില്ലാത്ത രീതിയിൽ ഇനി കളിക്കണം. പ്രത്യേകിച്ച് നിശ്ചിത ഓവർ ക്രിക്കറ്റിൽ. ഈ കാരണം കൊണ്ട് തന്നെ ഭയമില്ലാതെ കളിക്കാൻ പറ്റുന്ന താരങ്ങൾക്ക് ടീമിൽ അവസരം നൽകേണ്ടതുണ്ട്. കാരണം മത്സരത്തിന്റെ രീതികൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. കിരീടങ്ങൾ സ്വന്തമാക്കണമെങ്കിൽ ഇന്ത്യൻ ടീം പുതിയ സമീപനം പുറത്തെടുക്കേണ്ടതുണ്ട്.”- ജാഫർ പറഞ്ഞു. ഇതോടൊപ്പം ജെയ്‌സ്വാളടക്കം 4 താരങ്ങളെ ഇന്ത്യ വിൻഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തണമെന്നും ജാഫർ പറയുകയുണ്ടായി.
“നിശ്ചിത ഓവർ ക്രിക്കറ്റിൽ, പ്രത്യേകിച്ച് ട്വന്റി20 ക്രിക്കറ്റിൽ യശസ്വി ജെയ്‌സ്വാളിനെ ഇന്ത്യ ടീമിൽ എത്തിക്കേണ്ടതുണ്ട്. ഒപ്പം ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച റിങ്കു സിംഗ്. റിഷാഭ് പന്ത് ടീമിൽ ഇല്ലാത്തതിനാൽ തന്നെ ജിതേഷ് ശർമ്മയ്ക്ക് അവസരം നൽകണം. ജിതേഷിന് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കാൻ സാധിക്കും. ഇതോടൊപ്പം മലയാളി താരം സഞ്ജു സാംസനെ ഏകദിനങ്ങളിൽ പരിഗണിക്കാൻ ഇന്ത്യ തയ്യാറാകണം. അവിടെയാണ് അയാൾക്ക് കൂടുതൽ പ്രാഗല്ഭ്യം തെളിയിക്കാൻ സാധിക്കുന്നത്.”- ജാഫർ കൂട്ടിച്ചേർത്തു.
രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ വിൻഡീസിൽ കളിക്കാനൊരുങ്ങുന്നത്. അടുത്തമാസം 12 മുതലാണ് പരമ്പര ആരംഭിക്കുക. ആദ്യം ടെസ്റ്റ് പരമ്പരയും പിന്നീട് ഏകദിന പരമ്പരയുമാണ് നടക്കുന്നത്. ഇതുവരെ വിൻഡിസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഇത്തരം തീരുമാനങ്ങൾ ഉടനുണ്ടാവും എന്നാണ് പ്രതീക്ഷ.