2023 ഏഷ്യകപ്പ് ടൂർണമെന്റിൽ കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് മുൻ താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ ഇന്ത്യയെ നയിക്കാനും ശക്തമായ തീരുമാനങ്ങളുമായി മത്സരത്തിൽ മുൻപിലേക്ക് വരാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. രോഹിത്താണ് ഇന്ത്യയെ ഏകദിന ലോകകപ്പിൽ നയിക്കാൻ ഏറ്റവും ഉത്തമനായ നായകൻ എന്നാണ് പാക്കിസ്ഥാൻ മുൻ താരം വസീം അക്രം ഇപ്പോൾ പറയുന്നത്. ഒരു നായകൻ എന്ന നിലയിൽ കളിക്കളത്തിൽ ശാന്തനായി മത്സരം നിയന്ത്രിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുന്നുണ്ട് എന്ന് വസീം അക്രം പറയുന്നു.
സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് വസീം അക്രം തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. “ഒരു നായകൻ എന്ന നിലയിൽ രോഹിത് ശർമയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. കളിക്കളത്തിൽ എപ്പോഴും അവൻ ശാന്തനായി തന്നെയാണ് കാണുന്നത്. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് വളരെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്റർ കൂടിയാണ് രോഹിത് ശർമ. വർഷങ്ങളായി ഇന്ത്യക്കായി രോഹിത് ശർമ കളിക്കുന്നുണ്ട്. ഇത്തവണ ഏകദിന ലോകകപ്പിലും രോഹിത്തിന്റെ പരിചയസമ്പന്നത ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.”- വസീം അക്രം പറയുന്നു.
“ഒരുപാട് പ്രതിഭകളുള്ള ടീമുമായിയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിലേക്ക് കടക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സാധിക്കുന്ന ഏറ്റവും ഉത്തമനായ താരം രോഹിത് ശർമ്മ തന്നെയാണ്. നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച നിരയാണ് ഇന്ത്യയ്ക്കുള്ളത്. വിരാട് കോഹ്ലി രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി ടീമിലുണ്ട്. ഒപ്പം ഇഷാൻ കിഷനെ പോലെയുള്ള യുവതാരങ്ങളും ടീമിന്റെ ശക്തിയായി മാറുന്നുണ്ട്. രാഹുൽ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് പറയാൻ സാധിക്കും.”- അക്രം കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാൻ സാധിക്കാതെ വന്നതോടെ രോഹിത് ശർമ്മയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പല മുൻ താരങ്ങളും രോഹിത്തിന്റെ നായകത്വ മികവിനെ ചോദ്യംചെയ്ത് രംഗത്തെത്തുകയും ചെയ്തു. എന്നാൽ അതിനുള്ള മറുപടിയാണ് 2023 ഏഷ്യാകപ്പിലൂടെ രോഹിത് നൽകിയിരിക്കുന്നത്. പാകിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും ശക്തമായ വിജയങ്ങൾ നൽകിക്കൊടുത്താണ് രോഹിത് ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറിയത്. വരുന്ന ഏകദിന ലോകകപ്പിലും രോഹിത് നായക മികവ് പുലർത്തി ഇന്ത്യയെ കിരീടം ചൂടിക്കും എന്നാണ് പ്രതീക്ഷ.