നീണ്ട അഞ്ചു വർഷം ഇന്ത്യയെ നയിച്ച ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് മുൻ നായകൻ വിരാട് കോഹ്ലി. അഞ്ചുവർഷം ഇന്ത്യയെ നയിച്ച കപ്പിത്താൻ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചു കൊണ്ടാണ് ആ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ റെക്കോർഡ് വിരാട് കോഹ്ലിക്കാണ്.
എന്നാൽ കോഹ്‌ലിയേക്കാൾ മികച്ച ക്യാപ്റ്റൻ ആകാൻ ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശർമയ്ക്ക് സാധിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. ശ്രീലങ്കക്ക് എതിരായ പരമ്പരയിൽ ആധികാരിക വിജയം ആയിരുന്നു ഇന്ത്യ നേടിയത്. ആദ്യ ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 222 റൺസിനും രണ്ടാമത്തെ ടെസ്റ്റിൽ 238 റൺസ്സിനും ഇന്ത്യ വിജയിച്ചിരുന്നു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും മികച്ച തുടക്കമാണ് രോഹിത് ശർമയ്ക്ക് ലഭിച്ചത്.
താരത്തിൻറെ വാക്കുകളിലൂടെ..
“വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റൻ ആകുവാൻ രോഹിത് ശർമയ്ക്ക് കഴിയും. രോഹിത്തിന് എത്ര ടെസ്റ്റുകൾ നയിക്കാൻ സാധിക്കും എന്ന് അറിയില്ല. പക്ഷേ തന്ത്രപരമായി രോഹിത് ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ ആണെന്ന് എനിക്ക് തോന്നുന്നു. അവൻറെ കീഴിൽ ഓരോ പരമ്പരയും വൈറ്റ്‌വാഷ് ചെയ്തു വിജയിച്ചത് നമുക്ക് മുന്നിലുണ്ട്. ക്യാപ്റ്റൻസി ശരിയായ വ്യക്തിയുടെ കൈകളിൽ എത്തിയത് പോലെയാണ് തോന്നുന്നത്.”
35 വയസ്സായ രോഹിത് ശർമയ്ക്ക് കോഹ്ലിയെ പോലെ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ നയിക്കുവാൻ സാധിചേക്കില്ല. എന്നാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പര നേടി കൊടുക്കാനുള്ള അവസരം താരത്തിൻ്റെ മുൻപിലുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഓരോ ഇന്ത്യൻ ആരാധകരും.