പരിക്കിൽ നിന്നും മോചിതനായി എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിക്കുന്ന പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ. ആദ്യമായി ഐപിഎല്ലിൽ ഒരു ടീമിനെ നയിച്ച താരം കന്നി സീസണിൽ തന്നെ കിരീടവും നേടി. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം ഐപിഎൽ കഴിഞ്ഞ് തുടങ്ങിയ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ അവസരം നേടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരെ വളരെ മികച്ച പ്രകടനം പുറത്തെടുത്ത ഹർദിക് ഇന്ന് അയർലണ്ടിനെതിരെ ഇന്ത്യയെ നയിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. പരിക്കിൽ നിന്നും മോചിതനായി കളിക്കളത്തിൽ തിരിച്ചെത്തിയ ഹർദിക്കിന് ടെസ്റ്റ് ടീമിലേക്ക് മത്സരിക്കാൻ സാധിക്കില്ല എന്നാണ് ജാഫർ പറയുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലെ വലിയ സ്പെല്ലുകൾ എറിയാൻ താരത്തിന് ബുദ്ധിമുട്ടാണെന്നും ട്വൻ്റി-20 യിൽ പോലും നാലോവർ പൂർത്തിയാക്കാൻ താരത്തിന് ആകില്ല എന്നാണ് ജാഫർ പറയുന്നത്.പരിമിത ഓവർ ക്രിക്കറ്റുകളിൽ ഷോട്ട് സ്പെല്ലുകൾ എറിയുന്നതായിരിക്കും ഹർദിക്കിന് നല്ലതെന്നും ഇത് അദ്ദേഹത്തിൻ്റെ കരിയർ നീട്ടികിട്ടാൻ സഹായിക്കും എന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വന്ന് ടെസ്റ്റിൽ റഗുലർ ആകാൻ ഇനിയും ഒരുപാട് ജോലികൾ ചെയ്യേണ്ടതായിട്ടുണ്ട് എന്നും ജാഫർ നിർദ്ദേശം നൽകി. ഇ എസ് പി എൻ ക്രിക്ക് ഇൻഫോയുടെ ‘ “റണർഡർ” എന്ന് ഷോയിലൂടെയാണ് ജാഫർ ഹർദിക്കിന് നിർദേശം നൽകിയത്.
അയർലണ്ടിനെതിരെ ഇന്ത്യയെ നയിക്കാൻ ഹർദിക് പാണ്ഡ്യ വരുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻസിക്കായി കടുത്ത മത്സരം അരങ്ങേറും എന്നത് ഉറപ്പാണ്. ഈ പരമ്പരയിൽ ഇന്ത്യയെ മികച്ച രീതിയിൽ നയിക്കാൻ സാധിച്ചു കഴിഞ്ഞാൽ ഇന്ത്യയുടെ ഭാവിയിലെ നായക സിംഹാസനം ഉറപ്പിക്കാൻ താരത്തിന് ആകും. അതേസമയം അയർലൻഡിനെതിരായ മത്സരത്തിൽ സഞ്ജു കളിക്കും എന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.