“അവനൊരു അത്ഭുതതാരം, ആ തിരിച്ചുവരവ് തലമുറകൾക്ക് പ്രചോദനം”വസീം അക്രം.

gill and pant

നീണ്ട 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയ റിഷഭ് പന്ത്, അങ്ങേയറ്റം മികച്ച പ്രകടനമായിരുന്നു തന്റെ ആദ്യ മത്സരത്തിൽ കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ പന്തിന് സാധിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കുന്നതിൽ പന്ത് പരാജയപ്പെട്ടിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ നിർണായ സമയത്ത് ക്രീസിലെത്തിയ പന്ത് ഇന്ത്യക്കായി ഒരു മാച്ച് വിന്നിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 128 പന്തുകൾ മത്സരത്തിൽ നേരിട്ട പന്ത് 109 റൺസായിരുന്നു നേടിയത്. 13 ബൗണ്ടറികളും 4 സിക്സറുകളും പന്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇപ്പോൾ പന്തിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ഇതിഹാസം വസീം അക്രം.

പന്തിന്റെ തിരിച്ചുവരവിനെ അങ്ങേയറ്റം സന്തോഷത്തോടെയാണ് അക്രം നോക്കി കണ്ടത്. താരത്തിന് അപകടം നടന്നു എന്നറിഞ്ഞ നിമിഷം മുതൽ താൻ വലിയ സങ്കടത്തിലായിരുന്നു എന്ന് അക്രം പറയുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി പന്ത് മത്സരത്തിലേക്ക് തിരികെ വന്നത് തനിക്ക് ഒത്തിരി സന്തോഷം നൽകുന്നുണ്ട് എന്ന് അക്രം തുറന്നുപറഞ്ഞു. “മത്സരത്തിലെ പന്തിന്റെ പ്രകടനം ശ്രദ്ധിക്കൂ, ഒരു വലിയ ദുരന്തത്തെ അതിജീവിച്ചാണ് അവൻ തിരിച്ചുവന്നത്. താൻ ഒരു അമാനുഷികനാണ് എന്ന് തെളിയിക്കാൻ പന്തിന് മത്സരത്തിലെ പ്രകടനത്തിലൂടെ സാധിച്ചു.”-  അക്രം പറയുന്നു.

Read Also -  "എല്ലാ ഫോർമാറ്റിലെയും ബെസ്റ്റ് ബോളർ അവനാണ്", ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി സ്റ്റീവ് സ്മിത്ത്.

“അന്ന് പന്തിന്റെ അപകട വാർത്തയറിഞ്ഞപ്പോൾ ഇവിടെ പാകിസ്താനിലുള്ള എല്ലാവരും വലിയ ആശങ്കയിലായിരുന്നു. ആ സമയത്ത് എനിക്കും ഒരുപാട് വിഷമമുണ്ടായി. അന്ന് ഞാൻ പന്തിനെ പറ്റി ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ അവൻ തിരിച്ചെത്തി കഴിഞ്ഞു. 2024 ഐപിഎല്ലിലും 40 റൺസ് ശരാശരിയിലാണ് പന്ത് കളിച്ചത്. ഐപിഎല്ലിലെ അവന്റെ സ്ട്രൈക്ക് റേറ്റ് 155 റൺസാണ്. 446 റൺസ് കഴിഞ്ഞ ഐപിഎൽ സീസണിൽ നേടാൻ താരത്തിന് സാധിച്ചു. അവനൊരു അത്ഭുത താരമാണ് എന്നതിന് ഇതിൽ കൂടുതൽ ഉദാഹരണം ആവശ്യമില്ല.”- അക്രം കൂട്ടിച്ചേർക്കുന്നു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ കഴിയുന്ന പന്തിന്റെ ബാറ്റിംഗ് ശൈലിയെയും അക്രം അഭിനന്ദിക്കുകയുണ്ടായി. ഇംഗ്ലണ്ട് പേസർ ആൻഡേഴ്സൺ, ഓസ്ട്രേലിയൻ പേസർ കമ്മിൻസ് എന്നിവർക്കെതിരെ തന്റെ നൂതന ഷോട്ടുകൾ കളിക്കാൻ പന്തിന് സാധിക്കാറുണ്ട് എന്ന് അക്രം പറയുന്നു. ഇത്തരം വലിയൊരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും മത്സരത്തിലേക്ക് തിരിച്ചെത്തിയ പന്തിന്റെ കഥ, ഇനി വരുന്ന തലമുറകൾക്കും പ്രചോദനമായി മാറും എന്നാണ് അക്രം പറയുന്നത്. പന്ത് അതിജീവിച്ച വഴിയിലൂടെ എല്ലാ താരങ്ങൾക്കും അതിജീവിക്കാൻ സാധിക്കുമെന്നും അക്രം കൂട്ടിച്ചേർത്തു

Scroll to Top