ഇന്ത്യൻ മുൻ നായകനും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുൻ നായകനുമായ വിരാട് കോഹ്ലിക്ക് ഉപദേശവുമായി പാകിസ്ഥാൻ ഇതിഹാസ താരം വസിം അക്രം. വരുന്ന മത്സരങ്ങൾ വിരാട് കോഹ്ലി ഓപ്പണിംഗില്‍ ഇറങ്ങണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ആദ്യ മത്സരത്തിൽ 29 പന്തിൽ നിന്ന് 41 റൺസ് നേടിയ താരം ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും പിന്നീടുള്ള രണ്ടു മത്സരത്തിൽ താരത്തിന് മികച്ച സ്കോർ കണ്ടെത്താനായില്ല. 2019 ന് ശേഷം ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും താരത്തിന് ഇതുവരെ നേടാനായിട്ടില്ല. മൂന്നു ഫോർമാറ്റുകളിലുമായി താരം 70 സെഞ്ച്വറികൾ ഇതുവരെ നേടിക്കഴിഞ്ഞു.
എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഫോം കണ്ടെത്താനാവാതെ തപ്പി തടയുകയാണ് ഈ 33 വയസ്സുകാരൻ. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ഇതിഹാസം. വിരാട് കോഹ്‌ലിയെ പോലൊരു കളിക്കാരൻ ആദ്യ ഓവറുകളിൽ താളം കണ്ടെത്തി കഴിഞ്ഞാൽ പിന്നീട് അദ്ദേഹത്തെ പോലൊരാളെ പിടിച്ചുനിർത്തുന്നത് എളുപ്പമാകില്ല എന്നാണ് വസീം അക്രം അഭിപ്രായപ്പെട്ടത്. ആദ്യ ഓവറുകളിൽ വരുന്ന ഇൻസ്വിങ്ങിങ് പന്തുകൾ കളിക്കാൻ വേണ്ടി താരം നേരത്തെ ഇറങ്ങണമെന്നും ഇതിഹാസം പറഞ്ഞു.
ഇടങ്കയ്യൻ പേസർമാരെ നേരിടുന്നത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ വിരാട് ഇത് നേരത്തെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി. 210 മത്സരങ്ങളിൽ നിന്നും 6336 റൺസ് ആണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഫോം നിലനിർത്തുവാൻ കഷ്ടപ്പെടുകയാണ് താരം.
താരം എത്രയും പെട്ടെന്ന് തന്നെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരണമെന്ന പ്രാർത്ഥനയിലാണ് ഓരോ ക്രിക്കറ്റ് ആരാധകനും.