അടുത്തവർഷം പാക്കിസ്ഥാനിൽ വച്ചാണ് ഏഷ്യാകപ്പ് അരങ്ങേറുന്നത്. പാക്കിസ്ഥാനിൽ വച്ച് ടൂർണമെൻ്റ് സംഘടിപ്പിക്കുകയാണെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ഇന്ത്യ ഏഷ്യ കപ്പിൽ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസലിൽ നിന്നും പിന്മാറുമെന്ന ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.
പാക്കിസ്ഥാനിലേക്ക് ഏഷ്യാകപ്പ് കളിക്കാൻ പോകുവാൻ ഇന്ത്യ ഒരുക്കമില്ലാത്തതിനാൽ നിഷ്പക്ഷ വേദിയിൽ ടൂർണമെൻ്റ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്ന് ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ അടിയന്തരയോഗം വിളിച്ചുകൂട്ടിയത്. തുടർന്നാണ് ഇന്ത്യയിൽ വച്ച് നടക്കുന്ന ലോകകപ്പിൽ നിന്ന് പിന്മാറുന്നതിനെപ്പറ്റി ആലോചിച്ചതും ക്രിക്കറ്റ് കൗൺസിലില്‍ സമ്മർദം ചെലുത്താനും ബോർഡ് തീരുമാനിച്ചത്.
മുംബൈയിൽ വെച്ച് നടന്ന 2008 നവംബറിലെ ഭീകരാക്രമണത്തിനുശേഷം കായിക ബന്ധങ്ങൾ പൂർണമായും നിർത്തിയിരുന്നു. ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടൂർണമെൻ്റ് കളിലും ഏഷ്യാകപ്പിലും മാത്രമാണ് നേർക്കുനേർ വന്നിരുന്നത്. മാത്രവുമല്ല 10 വർഷങ്ങൾക്കു മുമ്പ് 2012ലാണ് ഇരു രാജ്യങ്ങളും തമ്മിൽ പരമ്പര കളിച്ചത്. ഏഷ്യാകപ്പ് കളിക്കുവാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് പോകുവാൻ തയ്യാറായാലും കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിക്കുവാൻ സാധ്യത വളരെയധികം കുറവാണ്.
അതുകൊണ്ടാണ് ബി.സി.സി.ഐ നിക്ഷ്പക്ഷ വേദിയിലേക്ക് ടൂർണമെൻ്റ് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യ ഈ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നാൽ ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പിന്മാറിയേക്കും. ഇന്ത്യ ഇപ്പോൾ ഉയർത്തുന്ന അതേ ആവശ്യം അപ്പോൾ പാക്കിസ്ഥാൻ ഉയർത്താനും സാധ്യത കൂടുതലാണ്. അടുത്ത വർഷത്തെ ഏഷ്യകപ്പ് മാത്രമല്ല 2025ലെ ചാമ്പ്യൻസ് ട്രോഫിയും പാക്കിസ്ഥാനാണ് വേദി.