ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ തകര്‍പ്പന്‍ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ജയസ്വാളിന്‍റേയും (98) സഞ്ചു സാംസണിന്‍റേയും (48) തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാന്‍റെ ചേസിങ്ങ് എളുപ്പമാക്കിയത്.
ആദ്യ ഓവറില്‍ 26 റണ്‍സ് അടിച്ച് ജയസ്വാള്‍ മത്സരം രാജസ്ഥാന്‍റേതാക്കി മാറ്റിയിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ ജോസ് ബട്ട്ലര്‍ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായി മടങ്ങേണ്ടി വന്നു. ജോസ് ബട്ട്ലര്‍ തന്‍റെ വിക്കറ്റ് ജയസ്വാളിനായി നല്‍കി. പിന്നീട് മത്സരം സ്ലോ ആകുമെന്ന് കരുതിയെങ്കിലും ജയസ്വാള്‍ തന്‍റെ സ്വാഭാവീക ഗെയിം തുടര്‍ന്നു. ക്യാപ്റ്റനായ സഞ്ചു സാംസണ്‍ ജയസ്വാളോട് പറഞ്ഞതും അതായിരുന്നു.
” നെറ്റ് റൺ റേറ്റ് മാത്രമായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. ഞാനും സഞ്ജുവും കളി വേഗത്തിൽ പൂർത്തിയാക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. റണ്ണൗട്ടാവുക എന്നത് മത്സരത്തില്‍ സംഭവിക്കുന്നതാണ്. ഇത് എനിക്ക് കൂടുതൽ നന്നായി ചെയ്യാനുള്ള ഉത്തരവാദിത്തം നൽകുന്നു. സഞ്ജു ഭായ് വന്ന് എന്റെ കളി തുടരൂ, റൺ ഔട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് പറഞ്ഞു. എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വന്ന് പ്രകടനം നടത്താൻ കഴിയുന്ന ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിന് ഞാൻ നന്ദിയുള്ളവനാണ്. എന്നെപ്പോലുള്ള കളിക്കാർക്ക് എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച വേദിയാണിത്. ” പ്ലെയര്‍ ഓഫ് ദ മാച്ച പുരസ്കാരം സ്വന്തമാക്കി ജയസ്വാള്‍ പറഞ്ഞു.
വിജയത്തോടെ 12 പോയിന്‍റുമായി രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതാണ്. രാജസ്ഥാന്‍റെ അടുത്ത മത്സരം ഞായറാഴ്ച്ച ബാംഗ്ലൂരിനെതിരെയാണ്.