ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയുന്നു. പകരക്കാരനെ നിശ്ചയിച്ച് ബിസിസിഐ. വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ.

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ കോച്ചായി ഇനി തുടരില്ല എന്ന് റിപ്പോർട്ടുകൾ. 2023 ഏകദിന ലോകപ്പോടുകൂടി ഇന്ത്യൻ ഹെഡ് കോച്ച് ആയുള്ള രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരുന്നു. മികച്ച പ്രകടനം ഇന്ത്യ ലോകകപ്പിൽ നടത്തിയതിനാൽ തന്നെ രാഹുൽ ദ്രാവിഡ് കോച്ചായി തുടരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ ദ്രാവിഡ് ഇനിയും ഇന്ത്യൻ ടീമിനൊപ്പം ഹെഡ് കോച്ചായി തുടരില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ആയി തുടരേണ്ടതില്ല എന്ന് രാഹുൽ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായാണ് സൂചന.

ദ്രാവിഡിന് പകരക്കാരനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ ഹെഡ് കോച്ച് റോളിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഇന്ത്യയുടെ രണ്ടാം നിരയുടെ ഹെഡ് കോച്ചായി വിഎസ് ലക്ഷ്മൺ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ ലക്ഷ്മണമാണ് ടീമിനെ നയിക്കുന്നത്.

ഒപ്പം ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഹെഡ് ആയും ലക്ഷ്മൺ പ്രവർത്തിക്കുന്നുണ്ട്. ലോകകപ്പിന് മുൻപ് നടന്ന ഇന്ത്യയുടെ അയർലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ടീമിന്റെ കോച്ചായി പ്രവർത്തിച്ചത് ലക്ഷ്മണായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യ ലക്ഷ്മണെ ഹെഡ്കോച്ച് ആയി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

“പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള തന്റെ താൽപര്യം ലക്ഷ്മൺ അറിയിച്ചിട്ടുണ്ട്. ലോകകപ്പിന്റെ സമയത്ത് തന്നെ ലക്ഷ്മൺ അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുകയും, ബിസിസിഐ ബോർഡ് അംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഒരു ദൈർഘ്യമേറിയ കോൺടാക്ടിൽ ലക്ഷ്മൺ എത്താനാണ് സാധ്യത. “

“ഇന്ത്യയുടെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീമിനൊപ്പം യാത്ര ചെയ്യുന്നത് ലക്ഷ്മൺ തന്നെയായിരിക്കും. ഒരുപക്ഷേ ഇന്ത്യയുടെ പൂർണ്ണ സമയ ഹെഡ് കോച്ചായായുള്ള ലക്ഷ്മണിന്റെ ആദ്യ ദൗത്യമാവും ദക്ഷിണാഫ്രിക്കൻ പരമ്പര.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം അറിയിച്ചു.

2021 നവംബറിലായിരുന്നു ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചായി ചുമതലയേറ്റത്. “ഇന്ത്യൻ ടീമിന്റെ പൂർണ്ണസമയം കോച്ചായി തുടരാൻ ഇനിയും താല്പര്യമില്ല എന്ന കാര്യം ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. മുൻപ് 20 വർഷങ്ങളോളം ടീം ഇന്ത്യൻ ടീമിനൊപ്പം ഒരു കളിക്കാരനായി ദ്രാവിഡ് കൂടെയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോച്ചായും ദ്രാവിഡ് ഇന്ത്യൻ ടീമിനോപ്പം സഞ്ചരിച്ചു. ഇനിയും അദ്ദേഹത്തിന് അത് സാധിക്കില്ല എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഹെഡായി രാഹുൽ ദ്രാവിഡിനെ തിരഞ്ഞെടുത്തേക്കും. ദ്രാവിഡിന് തന്റെ നഗരമായ ബാംഗ്ലൂരിൽ തുടരുകയും ചെയ്യാം. നിലവിൽ ടീമുമായി വലിയ രീതിയിലുള്ള ബന്ധമാണ് ദ്രാവിഡിനുള്ളത്. എന്നാൽ മുഴുവൻ സമയ പരിശീലകനായി താൻ ഇനിയുമെത്തില്ല എന്ന് ദ്രാവിഡ് തുറന്നു പറഞ്ഞു കഴിഞ്ഞു.”- ഒരു വൃത്തം പറയുന്നു

Previous article“ഞങ്ങൾ ഭയമില്ലാതെ തന്നെ കളിക്കും” ഓസീസിനെതിരെ തന്ത്രം വ്യക്തമാക്കി സൂര്യകുമാർ യാദവ്.
Next articleബാസിതും സഞ്ജുവും തിളങ്ങി. കേരളത്തിന് ആവേശോജ്ജ്വല വിജയം.