ബാസിതും സഞ്ജുവും തിളങ്ങി. കേരളത്തിന് ആവേശോജ്ജ്വല വിജയം.

d3kkjg6g sanju samson

വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള ടീം. സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ 3 വിക്കറ്റുകളുടെ ആവേശവിജയം തന്നെയാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി 60 റൺസ് സ്വന്തമാക്കിയ അബ്ദുൾ ബാസിത്താണ് ബാറ്റിംഗിൽ തിളങ്ങിയത്.

ബോളിങ്ങിൽ 4 വിക്കറ്റുകളുമായി അഖീൻ കളം നിറയുകയായിരുന്നു. വലിയ പോരാട്ടം നയിച്ച് തന്നെയാണ് മത്സരത്തിൽ കേരളം വിജയം സ്വന്തമാക്കിയത്. ബോളിങ്ങിന് പൂർണമായും അനുകൂലമായ പിച്ചിൽ കേരള ബാറ്റർമാരുടെ പോരാട്ടവീര്യം തന്നെയാണ് കാണാൻ സാധിച്ചത്. സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് തങ്ങളുടെ ബോളർമാർ നൽകിയത്. ആദ്യ ഓവറിൽ തന്നെ പൂർണമായും സൗരാഷ്ട്ര ടീമിനെ സമ്മർദ്ദത്തിലാക്കാൻ കേരളത്തിന്റെ പേസർമാർക്ക് സാധിച്ചു.

ബേസിൽ തമ്പി, അഖിൻ എന്നിവർ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയതോടെ സൗരാഷ്ട്ര കാലിടറി വീഴുന്നതാണ് കണ്ടത്. മത്സരത്തിൽ 65 റൺസ് സ്വന്തമാക്കുന്നതിനിടെ സൗരാഷ്ട്രയുടെ 7 വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം നായകൻ ഉനാദ്കട്ടും വിശ്വരാജ് സിംഗ് ജഡേജയും ചേർന്നാണ് വലിയ നാണക്കേടിൽ നിന്ന് സൗരാഷ്ട്രയെ രക്ഷിച്ചത്.

ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. 69 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. മത്സരത്തിൽ ജഡേജ 121 പന്തുകളിൽ 98 റൺസ് നേടിയപ്പോൾ, നായകൻ ഉനത്കട്ട് 54 പന്തുകളിൽ 37 റൺസാണ് നേടിയത്. ഇതോടെ സൗരാഷ്ട്രയുടെ ഇന്നിംഗ്സ് കേവലം 185 റൺസിൽ അവസാനിക്കുകയും ചെയ്തു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

കേരളത്തിനായി അഖിൻ 4 വിക്കറ്റുകളും ശ്രേയസ് ഗോപാൽ, ബേസിൽ തമ്പി എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനും ഒരു ദുരന്ത തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഓപ്പണർമാരായ വിഷ്ണു വിനോദിനെയും(4) രോഹൻ കുന്നുമ്മലിനെയും(4) കേരളത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി.

പിന്നീട് സഞ്ജു സാംസനും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ പയ്യെ മുൻപിലേക്ക് നയിച്ചത്. മത്സരത്തിൽ സഞ്ജു സാംസൺ 47 പന്തുകളിൽ 30 റൺസ് നേടി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സൗരാഷ്ട്ര ടീം മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. ഒരു സമയത്ത് കേരളം 61ന് 4 എന്ന നിലയിൽ തകരുകയും ചെയ്തു.

എന്നാൽ പിന്നീട് അബ്ദുൾ ബാസിത് ഒരു മികച്ച ഇന്നിംഗ്സ് തന്നെ കേരളത്തിനായി കെട്ടിപ്പടുത്തു. 76 പന്തുകളിൽ 60 റൺസാണ് ബാസിത് നേടിയത്. 9 ബൗണ്ടറികളും ഒരു സിക്സറും ബാസിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരുവശത്ത് ശ്രേയസ് ഗോപാൽ(21*) ക്രീസിലുറച്ചതോടെ കേരളം വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top