ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയൻ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിൽ വലിയ മാറ്റങ്ങളുമായി ഇന്ത്യൻ ടീം. മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ പരമ്പരയിൽ ഇന്ത്യയുടെ പരിശീലകനായി മാറും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ നടക്കുന്ന 2023 ഏകദിന ലോകകപ്പിന് തൊട്ടുപിന്നാലെയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര നിശ്ചയിച്ചിരിക്കുന്നത്. നവംബർ 23 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വിശാഖപട്ടണത്താണ് നടക്കുന്നത്. ഈ മത്സരത്തിലൂടെയാണ് വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്നത്.
2023 ഏകദിന ലോകകപ്പോടുകൂടി ഇന്ത്യയുടെ നിലവിലെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദ്രാവിഡ് ടീമിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാധ്യതകൾ ഒരുങ്ങുന്നത്. ഈ പശ്ചാത്തലത്തിൽ ലക്ഷ്മണിനെ ടീമിന്റെ ചുമതല ഏൽപ്പിക്കാൻ തയ്യാറാവുകയാണ് ഇന്ത്യൻ ടീം. എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ പുറത്തെടുത്തിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ദ്രാവിഡിന്റെ കരാർ കുറച്ചുകാലം കൂടി നീട്ടി കിട്ടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ലക്ഷ്മൺ തന്നെ ഇന്ത്യൻ ടീമിന്റെ ചുമതലവഹിക്കും എന്ന് ഒരു ബിസിസിഐ വൃത്തം അറിയിക്കുകയുണ്ടായി.
“ഇന്ത്യൻ ടീമിൽ നിന്ന് രാഹുൽ ദ്രാവിഡ് ഇടവേള എടുക്കുമ്പോഴൊക്കെയും മുൻ താരം വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ ചുമതല വഹിക്കാറുള്ളത്. ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പരമ്പരയിലും ഇതേ കാര്യം തന്നെ തുടരാനാണ് സാധ്യത.”- ഒരു ബിസിസിഐ വൃത്തം പറയുന്നു. നിലവിൽ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങളൊക്കെയും വളരെ പോസിറ്റീവായാണ് നീങ്ങുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനങ്ങളടക്കം വളരെ പ്രശംസ വാരിക്കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് ഇറങ്ങുമ്പോൾ ഇന്ത്യ വരുത്തുന്ന മാറ്റങ്ങളും ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.
നിലവിൽ ഏകദിന ലോകകപ്പിൽ 5 മത്സരങ്ങൾ ഇന്ത്യ പൂർത്തിയാക്കി കഴിഞ്ഞു. ഒരു മത്സരത്തിൽ പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ആറാം മത്സരത്തിൽ ഇന്ത്യ നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെയാണ് നേരിടുന്നത്. ലക്നൗവിലാണ് മത്സരം നടക്കുക. ഈ മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. മറുവശത്ത് വളരെ മോശം പ്രകടനമാണ് ഇംഗ്ലണ്ട് ടീം കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് ഒരു മത്സരത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്.