അടിയ്ക്ക് തിരിച്ചടി. ലാസ്റ്റ് ബോൾ ത്രില്ലറിൽ കിവികളെ തുരത്തി കംഗാരുപ്പട

20231028 184610

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 5 റൺസിന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ. ഓസ്ട്രേലിയ നേടിയ 388 എന്ന സ്കോർ മറികടക്കാൻ ശ്രമിക്കുകയായിരുന്നു ന്യൂസിലാൻഡ്. വളരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടും കിവികൾക്ക് 5 റൺസിന് മത്സരം നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് സെഞ്ച്വറി സ്വന്തമാക്കി. ന്യൂസിലാൻഡിനായി രജിൻ രവീന്ദ്രയും മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ ലോകകപ്പിൽ കാണാത്ത തരം തുടക്കമാണ് ഓസ്ട്രേലിയക്ക് മത്സരത്തിൽ ലഭിച്ചത്. ഓസ്ട്രേലിയയുടെ ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവീസ് ഹെഡും ചേർന്ന് ന്യൂസിലാൻഡ് ബോളർമാരെ അടിച്ചൊതുക്കുന്നതാണ് മത്സരത്തിന്റെ ആദ്യ ഭാഗത്ത് കാണാൻ സാധിച്ചത്. കേവലം 9 ഓവറുകൾക്കുള്ളിൽ തന്നെ ടീമിന്റെ 100 റൺസ് പൂർത്തീകരിക്കാൻ ഇരുവർക്കും സാധിച്ചു. ശേഷവും ഇരുവരും അടിച്ചു തകർക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 175 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇതിനായി ഇരുവർക്കും വേണ്ടിവന്നത് കേവലം 19.1 ഓവറുകൾ ആണ്. ട്രാവിസ് ഹെഡ് മത്സരത്തിൽ 67 പന്തുകളിൽ 10 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 109 റൺസാണ് നേടിയത്.

ഡേവിഡ് വാർണർ 65 പന്തുകളില്‍ 5 ബൗണ്ടറികളും 6 സിക്സറുകളും അടക്കം 81 റൺസ് നേടി. എന്നാൽ ഇരുവരും ചേർന്ന് നൽകിയ ഈ വെടിക്കെട്ട് തുടക്കം മുതലാക്കാൻ ഓസ്ട്രേലിയയുടെ മറ്റു ബാറ്റർമാർക്ക് സാധിച്ചില്ല. മധ്യ ഓവറുകളിൽ റൺറേറ്റ് ക്രമാതീതമായി കുറയുകയുണ്ടായി. അവസാന ഓവറുകളിൽ 24 പന്തുകളിൽ 41 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലും, 28 പന്തുകളിൽ 38 റൺസ് നേടിയ ജോഷ് ഇംഗ്ലീസും, 14 പന്തുകളില്‍ 37 നേടിയ നായകൻ കമ്മിൻസുമാണ് ഓസ്ട്രേലിക്കായി ഫിനിഷിംഗ് കാഴ്ചവച്ചത്. ഇവരുടെ മികവിൽ ഓസ്ട്രേലിയ 388 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും എല്ലാ അസ്ത്രങ്ങളുമായാണ് ക്രീസിലെത്തിയത്. ന്യൂസിലാൻഡിന്റെ മുൻനിര ബാറ്റർമാരൊക്കെയും അടിച്ചു തകർക്കുകയുണ്ടായി.

See also  "റൺചേസിനിടെ കുറച്ച് ടെൻഷനടിച്ചു. മത്സരത്തിലെ വിജയത്തിൽ സന്തോഷം." - സഞ്ജു സാംസൺ പറയുന്നു.

മൂന്നാമനായി ക്രീസിലെത്തിയ രജിൻ രവീന്ദ്രയാണ് ന്യൂസിലാൻഡ് ഇന്നിംഗ്സിൽ നട്ടെല്ലായി മാറിയത്. ഒരു തകർപ്പൻ സെഞ്ചുറി രവീന്ദ്ര മത്സരത്തിൽ സ്വന്തമാക്കി. ഒപ്പം ഡാരിൽ മിച്ചൽ മികച്ച പിന്തുണയും നൽകി. രവീന്ദ്ര മത്സരത്തിൽ 89 പന്തുകളില്‍ 9 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 116 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ കൃത്യമായ രീതിയിൽ രവീന്ദ്രയെ പുറത്താക്കി ഓസ്ട്രേലിയ മത്സരത്തിന്റെ അവസാന സമയത്ത് തിരിച്ചുവരികയായിരുന്നു. എന്നാൽ ഒരുവശത്ത് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും മറുവശത്ത് ജിമ്മി നീഷം ക്രിസിലുറച്ചത് ന്യൂസിലാൻഡിന് ആശ്വാസമായി മാറി.

അവസാന ഓവറുകളിൽ ഓസ്ട്രേലിയൻ ബോളിങ് നിരയെ ആക്രമിക്കാൻ നീഷമിന് സാധിച്ചു. അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ ശേഷിക്ക് 19 റൺസായിരുന്നു ന്യൂസിലാൻഡിന് വേണ്ടിയിരുന്നത്. എന്നാൽ രണ്ടാം പന്തിൽ മിച്ചൽ സ്റ്റാർക്ക് 5 റൺസ് വൈഡിലൂടെ ന്യൂസിലാൻഡിന് നൽകി. പിന്നീട് ജിമ്മി നീഷം അടുത്ത 3 പന്തുകളിൽ രണ്ട് റൺസ് വീതം നേടി ന്യൂസിലാൻഡ് പ്രതീക്ഷകൾ കാത്തു. അവസാന 2 പന്തുകളിൽ 7 റൺസ് ആയിരുന്നു ന്യൂസിലാൻഡിന് ആവശ്യം. അടുത്ത പന്തിൽ ജിമ്മി നീഷം റൺഔട്ട് ആയതോടെ ഇക്വേഷൻ ഒരു പന്തിൽ 6 റൺസ് എന്ന നിലയിലെത്തി. എന്നാൽ അവസാന പന്തിൽ സ്റ്റാർക്ക് ഒരു തകർപ്പൻ ലെങ്ത് എറിഞ്ഞതോടെ ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു.  മത്സരത്തിൽ നീഷം 39 പന്തുകളിൽ 58 റൺസ് ആണ് നേടിയത്.

Scroll to Top