ഇന്ത്യ : ഇംഗ്ലണ്ട് അവസാന ക്രിക്കറ്റ് ടെസ്റ്റ് മത്സരം അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം ദിനം പൂജാരയുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ടീം ഇന്ത്യ നാലാമത്തെ ദിനം ലക്ഷ്യമിടുന്നത് വമ്പൻ ഒരു ലീഡ് തന്നെ.നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 284 റൺസിൽ പുറത്താക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് നിരയിൽ ജോണി ബെയർസ്റ്റോ മാത്രമാണ് തിളങ്ങിയത്.ടെസ്റ്റിലെ തുടർച്ചയായ മൂന്നാം സെഞ്ച്വറി അടിച്ചെടുത്ത താരം അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശിയാണ് 106 റൺസ് നേടിയത്.
അതേസമയം ഇന്നലെ കളിക്കിടയിൽ ഇന്ത്യൻ താരമായ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയും തമ്മിൽ വാക്ക്പോരാട്ടം നടന്നിരിന്നു. ഇന്ത്യൻ ബൗളർമാർ മനോഹരമായി ബൗൾ ചെയ്തപ്പോൾ വളരെ അധികം സമ്മർദ്ദത്തിലായ ബെയർസ്റ്റോയെ സ്ലിപ്പിൽ നിന്ന വിരാട് കോഹ്ലി കൂടുതൽ പ്രകോപിപ്പിച്ചതാണ് നാടകീയ സംഭവങ്ങൾക്ക് കാരണമായി മാറിയത്.
ഈ തർക്കത്തിനു പിന്നാലെയാണ് ജോണി ബെയർസ്റ്റോ തന്റെ യഥാർത്ഥ വെടികെട്ട് ബാറ്റിംഗ് പുറത്തെടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ രസകരമായ ഒരു ട്വീറ്റിലൂടെ മറുപടി നൽകുകയാണ് സെവാഗ്.
“ഇന്നലെ വിരാട് കോലി സ്ലെഡ്ജ് ചെയ്യുന്നതിന് മുൻപ് വരെ ജോണി ബെയ്ർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് വെറും 21 മാത്രമായിരുന്നു. എന്നാല്‍ കോഹ്ലിയുടെ ചൂടാകലിന് പിന്നാലെ സ്ട്രൈക്ക് റേറ്റ് 150ലേക്ക് ഉയർന്നു “വീരു ഇപ്രകാരം ട്വീറ്റ് ചെയ്തു.ഈ വർഷത്തെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയ ബെയർസ്റ്റോ 140 ബോളിൽ 14 ഫോറും 2 സിക്സും അടക്കമാണ് 106 റൺസ് നേടിയത്.