ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവിയുടെ താരങ്ങൾ എന്നാണ് റിഷഭ് പന്തിനേയും ഇഷാന്‍ കിഷനെയും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിക്കുന്നത് .ഇപ്പോൾ യുവതാരങ്ങളായ ഇരുവർക്കും കരിയറിൽ വലിയൊരു ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണർ വിരേന്ദര്‍ സെവാഗ്.അന്താരാഷ്ട്ര ക്രിക്കറ്റിൽ മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ ഇരുവരും നായകൻ വിരാട് കോലിയെ കണ്ട് പഠിക്കണമെന്നാണ് സെവാഗ് പറയുന്നത്.
രണ്ടാം ടി20യില്‍ കിഷനും പന്തും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ മത്സരം ഫിനിഷ് ചെയ്തത് 73 റണ്‍സ് നേടിയ കോലിയായിരുന്നു. മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് കിഷന്‍ മത്സര ശേഷം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സെവാഗ് ഇക്കാര്യത്തിൽ തന്റെ ഉപദേശം വിശദീകരിക്കുന്നത് .
വീരു പറയുന്നത് ഇപ്രകാരമാണ് “മത്സരം ഫിനിഷ് ചെയ്യാന്‍ കോലി പലപ്പോഴും ശ്രമിക്കാറുണ്ട്. അവന്റേതായ ദിവസങ്ങളില്‍ കോലി അത് ചെയ്യാറുമുണ്ട്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇതുതന്നെയാണ് ചെയ്തിരുന്നത്. സച്ചിന്‍ എന്നോട് പറയാറുണ്ടായിരുന്നു. നിങ്ങളുടേതായ ദിവസമാണെങ്കില്‍ മത്സരം ഫിനിഷ് ചെയ്യണമെന്ന്. കഴിയാവുന്നിടത്തോളം കളിക്കാനാണ് സച്ചിന്‍ പറയാറുള്ളത്.
കൊഹ്‍ലിയെപോലെ സച്ചിനെപ്പോലെ ഫോം പ്രകടപ്പിക്കുന്ന മത്സരങ്ങളിൽ എല്ലാം റിഷാബ് പന്തും ഇഷാൻ കിഷനും മത്സരങ്ങൾ ഫിനിഷ് ചെയ്യുവാൻ ശ്രമിക്കണം .കഴിവതും പുറത്താവാതെ ടീമിനെ ജയത്തിലെത്തിക്കണം ” സെവാഗ് പറഞ്ഞുനിർത്തി .
ഇന്ത്യന്‍ ജേഴ്‌സിയില്‍ ഗംഭീര അരങ്ങേറ്റമായിരുന്നു ഇഷാന്‍ കിഷന്റേത്. ആദ്യ മത്സത്തില്‍ തന്നെ താരം മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കി. ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. മത്സരശേഷം തന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ താരം അര്‍ധ സെഞ്ചുറി മറ്റൊരു വ്യക്തിക്ക് സമര്‍പ്പിച്ചു.