” വിരാട്, താങ്കൾ സെഞ്ച്വറി നേടണം. എന്റെ അമ്മ അത് കാണാനെത്തിയതാണ്”- വിൻഡിസ് കീപ്പർ ജോഷ്വ കോഹ്ലിയോട് പറഞ്ഞത്.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മികച്ച ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. തന്റെ 500ആമത് അന്താരാഷ്ട്ര മത്സരം കളിക്കുന്ന കോഹ്ലി മത്സരത്തിന്റെ ആദ്യ ദിവസം 87 റൺസ് നേടി പുറത്താവാതെ ക്രീസിലുണ്ട്. തന്റെ ടെസ്റ്റ് കരിയറിലെ 30ആം അർദ്ധസെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. മാത്രമല്ല ജഡേജയോടൊപ്പം ചേർന്ന് 106 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടും കോഹ്ലി സ്വന്തമാക്കുകയുണ്ടായി. എന്നാൽ ഇതിനൊപ്പം മൈതാനത്ത് ചില അത്ഭുത സംഭവങ്ങൾ കാണാൻ സാധിച്ചു.

രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ വെസ്റ്റിൻഡീസ് ജേഴ്സി അണിഞ്ഞ ഒരു കോഹ്ലി ആരാധകനെ മൈതാനത്ത് കണ്ടു. വിൻഡിസ് വിക്കറ്റ് കീപ്പർ ജോഷ്വാ ഡി സിൽവ. രണ്ടാം ടെസ്റ്റിൽ ഏത് വിധേനയും സെഞ്ച്വറി സ്വന്തമാക്കണമെന്ന് വിരാട് കോഹ്ലിയോട് ജോഷ്വാ ഡീ സിൽവ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. സ്റ്റമ്പിന് പിന്നിൽ നിന്ന് ജോഷ്വാ പറഞ്ഞ വാക്കുകൾ സ്റ്റമ്പ് മൈക്കിലൂടെ ആയിരുന്നു ലോക ക്രിക്കറ്റ് ആരാധകർ കേട്ടത്.

വിരാട് കോഹ്ലി ക്രീസിലെത്തിയത് മുതൽ വിൻഡീസ് വിക്കറ്റ് കീപ്പർ ജോഷ്വാ ഡി സിൽവ പറയുന്ന വാക്കുകൾ കേൾക്കാൻ സാധിച്ചിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ചില വാക്കുകൾ ജോഷുവയുടെ വായിൽ നിന്ന് വരികയുണ്ടായി. ‘ഈ സമയത്ത് താങ്കൾ തീർച്ചയായും സെഞ്ചുറി സ്വന്തമാക്കണ’മെന്നാണ് വിരാട് കോഹ്ലിയോട് സ്റ്റമ്പിന് പിന്നിൽ നിന്ന് ജോഷ്വാ ഡി സിൽവ പറഞ്ഞത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ചെറിയ പിഴവിലൂടെയായിരുന്നു കോഹ്ലിക്ക് അർഹതപ്പെട്ട സെഞ്ച്വറി നഷ്ടമായത്. എന്നാൽ രണ്ടാം ടെസ്റ്റിൽ അത് ആവർത്തിക്കരുത് എന്നാണ് ജോഷ്വാ പറഞ്ഞത്.

Read Also -  എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.

ഇതോടൊപ്പം തന്റെ മാതാവ് കോഹ്ലിയുടെ കളി കാണാനായി മൈതാനത്ത് എത്തിയിട്ടുണ്ടെന്നും ജോഷ്വാ വിക്കറ്റിന് പിന്നിൽ നിന്ന് കോഹ്ലിയോട് പറയുകയുണ്ടായി. “എന്റെ അമ്മ എന്നെ വിളിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു. അവർ ഇന്ന് മത്സരം കാണാനായി എത്തിയിരിക്കുന്നത് യഥാർത്ഥത്തിൽ വിരാട് കോഹ്ലിയെ കാണാനാണ്. അതെനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല.”- ജോഷ്വാ ഡി സിൽവ പറഞ്ഞു. ഇത് ആദ്യമായല്ല ഇന്ത്യയ്ക്ക് പുറത്ത് വിരാട് കോഹ്ലിക്ക് ഇത്രയധികം ആരാധക പിന്തുണ ലഭിക്കുന്നത്. ലോകത്തിലെ ഏതു മൈതാനത്തും വിരാട് കോഹ്ലിയുടെ ആരാധകരെ കാണാൻ സാധിക്കും.

ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമായ തുടക്കം തന്നെയാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ജയിസ്വാളും രോഹിത് ശർമയും മികച്ച തുടക്കം തന്നെയാണ് നൽകിയത്. രോഹിത് ശർമ മത്സരത്തിൽ 143 പന്തുകളിൽ 80 റൺസ് നേടിയപ്പോൾ ജയ്സ്വാൾ 57 റൺസാണ് നേടിയത്. പിന്നീട് വിരാട് കോഹ്ലി ജഡേജയുമൊത്ത് തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ ഇന്ത്യ ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ 288ന് 4 എന്ന നിലയിലാണ്. രണ്ടാം ദിവസം ഈ മികച്ച ഫോം തുടർന്നാൽ ഇന്ത്യയ്ക്ക് ഒരു വലിയ ആദ്യ ഇന്നിങ്സ് സ്കോർ കെട്ടിപ്പടുക്കാൻ സാധിക്കും.

Scroll to Top