ഇന്ത്യയുടെ ഓസീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിവാദം സൃഷ്ടിച്ച വിരാട് കോഹ്ലിയുടെ വിക്കറ്റ്. മത്സരത്തിന്റെ നിർണായക സമയത്ത് ഇന്ത്യൻ ആരാധകരെയും ഡ്രസ്സിംഗ് റൂമിനെയും ഞെട്ടിച്ചാണ് തേർഡ് അമ്പയർ തീരുമാനം എത്തിയത്. മത്സരത്തിൽ മറ്റു ബാറ്റർമാർ പതറിയപ്പോൾ മികച്ച ഇന്നിങ്സ് തന്നെയായിരുന്നു വിരാട് കാഴ്ച വച്ചത്. 84 പന്തുകൾ നേരിട്ട വിരാട് 44 റൺസ് നേടുകയുണ്ടായി. എന്നാൽ വിരാടിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനമാണ് ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ അൻപതാം ഓവറിലാണ് സംഭവം അരങ്ങേറിയത്. മാത്യു കുനേമാനെറിഞ്ഞ പന്ത് ഫ്രണ്ട് ഫുട്ടിൽ ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു വിരാട് കോഹ്ലി എന്നാൽ പന്ത് ബാറ്റിലും പാഡിലും തട്ടുകയും ഓസ്ട്രേലിയ അപ്പീൽ ചെയ്യുകയും ഉണ്ടായി. അമ്പയർ ഔട്ട് വിധിച്ചതിനാൽ തന്നെ വിരാട് അത് റിവ്യൂവിന് നൽകാൻ തീരുമാനിച്ചു. പന്ത് പാഡിൽ കൊണ്ട അതേസമയത്ത് തന്നെയാണ് ബാറ്റിൽ കൊണ്ടത് എന്ന് വ്യക്തമായി. മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ അമ്പയർമാർ കൃത്യമായി തീരുമാനങ്ങൾക്കായി കൂടുതൽ നിരീക്ഷിക്കാറുണ്ട്. ഇന്ത്യൻ ആരാധകരടക്കം കരുതിയിരുന്നത് പന്ത് ആദ്യമേ ബാറ്റിൽ തട്ടി എന്ന് തന്നെയാണ്.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്പയർ അത് ഔട്ട് വിധിക്കുകയുണ്ടായി. ഡൽഹിയിൽ അണിനിരന്ന ആരാധകരടക്കം ഒരു നിമിഷം നിശബ്ദരാവുകയായിരുന്നു. ഇത് വരും ദിവസങ്ങളിൽ ചർച്ചയാകും എന്നത് ഉറപ്പാണ്. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് ഇന്നിങ്സിലെ നിർണായകമായ ഘട്ടത്തിലാണ് വിരാട്ടിന്റെ വിക്കറ്റ് നഷ്ടമായിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകരുന്നത് തന്നെയാണ് കാണാൻ സാധിച്ചത്. ഓസീസ് സ്പിന്നർമാർ ഇന്ത്യൻ ബാറ്റർമാർക്ക് മേൽ കൃത്യമായ ആധിപത്യം ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ഇന്നിങ്സിൽ വലിയ ലീഡ് വഴങ്ങാതിരിക്കാൻ ആണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്.