ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ വളരെ അധികം നിരാശ പകർന്നാണ് വിരാട് കോഹ്ലി : രോഹിത് ശർമ്മ തർക്ക വാർത്ത പ്രചരിച്ചത്. എന്നാൽ സൗത്താഫ്രിക്കക്ക് എതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ പ്രശ്നങ്ങൾ ഇല്ലാതെ ഇന്ത്യൻ ടീം വളരെ മികവോടെ കളിക്കുമെന്നാണ് ഇന്ത്യൻ ടീം ആരാധകർ പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ഇതിനകം തന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ഡിസംബർ 26ന് ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് ഏറെ നിർണായക ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയിൽ ജയിക്കേണ്ടത് ടീം ഇന്ത്യക്ക് പ്രധാനമാണ്. എന്നാൽ പതിവ് പോലെ വിദേശ മണ്ണിൽ കളിക്കുമ്പോൾ ആശങ്കയായി മാറുന്നത് ഇന്ത്യൻ ബാറ്റിങ് നിര തന്നെയാണ് .വിരാട് കോഹ്ലി അടക്കം സീനിയർ ബാറ്റ്‌സ്മന്മാർ ഫോമിലേക്ക് എത്തുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
എന്നാൽ ഏറെ നാളുകളായി എല്ലാവരും കാത്തിരിക്കുന്ന നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി എപ്പോൾ പിറക്കുമെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.കഴിഞ്ഞ രണ്ട് വർഷ കാലമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും അടിച്ചെടുക്കാൻ കഴിയാത്ത വിരാട് കോഹ്ലി ഇതവണ സൗത്താഫ്രിക്കയിൽ ചരിത്രനേട്ടത്തിൽ എത്തിയേക്കുമെന്നാണ് ഗവാസ്ക്കറുടെ അഭിപ്രായം.”നമ്മൾ എല്ലാം തന്നെ ഏറെ ആവേശപൂർവ്വം ആഗ്രഹിക്കുന്നത് ആ പഴയ കോഹ്ലിയെ കാണുവാനാണ്. തുടർ സെഞ്ച്വറികൾ നേടുന്ന വിരാട് കോഹ്ലിയെ. ഇത്തവണ എനിക്ക് ഉറപ്പുണ്ട് അത്തരം വിരാട് കോഹ്ലിയെ നമുക്ക് എല്ലാം തന്നെ സൗത്താഫ്രിക്കൻ മണ്ണിൽ കാണാനായി സാധിക്കും “ഗവാസ്ക്കർ പ്രവചിച്ചു.
“ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ സെഞ്ച്വറികൾ അടിച്ച വിരാട് കോഹ്ലി നമ്മളെ എല്ലാം തന്നെ ഞെട്ടിച്ചിരുന്നു. ആ വിരാട് കോഹ്ലിയെ നമുക്ക് ഇത്തവണ കാണാനായി കഴിയും. ഇത്തവണ വിരാട് കോഹ്ലിക്ക് മൂന്നക്ക സ്കോറിൽ എത്താനുള്ള സുവർണ്ണ അവസരം തന്നെയാണ്.”ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിൽ പരമ്പരകൾ നേടിയിട്ടുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സൗത്താഫ്രിക്കൻ മണ്ണിലും ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേട്ടമാണ് ആഗ്രഹിക്കുന്നത് ലോകേഷ് രാഹുലാണ് രോഹിത്തിന്റെ അഭാവത്തിൽ ഉപനായകൻ.