ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഒരു ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയത്. 143 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി ഓസ്ട്രേലിയൻ മണ്ണിൽ മൂന്നക്കം കണ്ടത്. ഓസ്ട്രേലിയൻ മണ്ണിലെ കോഹ്ലിയുടെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.
ഇതോടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് എലൈറ്റ് ക്ലബ്ബിൽ സ്ഥാനം പിടിക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്കായി 7 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി ഇതോടെ മാറി. ഇതുവരെ 14 ടെസ്റ്റ് മത്സരങ്ങളാണ് കോഹ്ലി ഓസ്ട്രേലിയൻ മണ്ണിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് 7 സെഞ്ച്വറികൾ സ്വന്തമാക്കിയത്.
6 സെഞ്ച്വറികൾ സ്വന്തമാക്കിയ ഇന്ത്യയുടെ ഇതിഹാസതാരം സച്ചിനെയാണ് കോഹ്ലി മറികടന്നിരിക്കുന്നത്. 20 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായിരുന്നു ഓസ്ട്രേലിയയിൽ സച്ചിന്റെ 6 സെഞ്ച്വറികൾ പിറന്നത്. 11 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയൻ മണ്ണിൽ കളിച്ച് 5 സെഞ്ച്വറികൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.
15 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയൻ മണ്ണിൽ കളിച്ച് 4 സെഞ്ചുറികൾ സ്വന്തമാക്കിയ ഇന്ത്യയുടെ മുൻ താരം വിവിഎസ് ലക്ഷ്മൺ ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഇടംകണ്ടെത്തിയിട്ടുണ്ട്. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 3 സെഞ്ച്വറികൾ സ്വന്തമാക്കിയ ചേതേശ്വർ പൂജാരയാണ് ലിസ്റ്റിലെ അഞ്ചാമൻ.
കഴിഞ്ഞ 15 മാസങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. പല മത്സരങ്ങളിലും മോശം ഫോമായിരുന്നു കോഹ്ലിയെ പിന്തുടർന്നിരുന്നത്. ഇതിന് പിന്നാലെ കോഹ്ലിക്കെതിരെ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്രകടനമടക്കം ചോദ്യം ചെയ്ത ആരാധകർ രംഗത്ത് വരികയുണ്ടായി. എന്നാൽ ഇതിനെല്ലാമുള്ള മറുപടി ബാറ്റ് ഉപയോഗിച്ച് നൽകിയിരിക്കുകയാണ് വിരാട് കോഹ്ലി. പേർത്തിലെ പിച്ചിൽ അങ്ങേയറ്റം അധ്വാനം ചെയ്താണ് വിരാട് കോഹ്ലി ഇത്തരമൊരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയത്.
മത്സരത്തിൽ ഇന്ത്യക്കായി നാലാമനായാണ് കോഹ്ലി രണ്ടാം ഇന്നിങ്സിൽ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ബോള്‍ മുതൽ കരുതലോടെയാണ് വിരാട് കോഹ്ലി കളിച്ചത്. മറുവശത്ത് തുടർച്ചയായി വിക്കറ്റ് നഷ്ടമായപ്പോഴും കോഹ്ലി പതറിയില്ല. ആദ്യ ടെസ്റ്റ് മത്സരത്തിൽ താൻ കളിച്ച മോശം ഷോട്ടുകളിൽ നിന്ന് കൃത്യമായി പാഠം ഉൾക്കൊണ്ടാണ് കോഹ്ലി രണ്ടാം ഇന്നിങ്സിൽ മികവ് പുലർത്തിയത്.
കോഹ്ലിയുടെ ബാറ്റിംഗ് സാങ്കേതികതയെ ചോദ്യം ചെയ്ത വിമർശകർക്കുള്ള വലിയ മറുപടിയാണ് ലഭിച്ചിരിക്കുന്നത്. കോഹ്ലിയുടെ മികവിൽ ശക്തമായ ഒരു സ്കോർ കണ്ടത്താൻ ഇതിനോടകം ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്.