ഐപിൽ പതിനാലാം സീസണിലെ അവസാന മത്സരത്തിൽ ജയവുമായി ഹൈദരാബാദ് ടീമിന്റെ മടക്കം.ഇന്നലെ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ബാംഗ്ലൂർ ടീമിനെ വില്യംസണും സംഘവും തോൽപ്പിച്ചത്. മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഹൈദരാബാദ് ടീം തുടർ തോൽവികൾക്ക് ശേഷമാണ് വിജയം കരസ്ഥമാക്കിയത്.13 കളികൾ കളിച്ച ഹൈദരാബാദ് ടീമിന്റെ ഐപിൽ സീസണിലെ മൂന്നാമത്തെ ജയമാണ് ഇത്.3 ജയം ഉൾപ്പെടെ 6 പോയിന്റാണ് കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിനുള്ളത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് ടീമിന്റെ സ്കോർ അൽപ്പം ഭേദപെട്ട നിലയിലേക്ക് എത്തിച്ചതാകട്ടെ ഓപ്പണർ റോയ്, വില്യംസൺ എന്നിവരുടെ ബാറ്റിങ് തന്നെയാണ്.
എന്നാൽ ഇന്നലത്തെ മത്സരത്തിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും ആകാംക്ഷയോടെ നോക്കിയ യുവ പേസർ ഉമ്രാൻ മാലിക് മികച്ച പ്രകടനവുമായി വീണ്ടും കയ്യടികൾ നേടുകയാണ്. ഐപിൽ കരിയറിലെ തന്റെ രണ്ടാം മത്സരം കളിച്ച കാശ്മീരി താരം അതിവേഗ പന്തുകളാൽ ബാംഗ്ലൂർ ബാറ്റ്‌സ്മാന്മാരെ ഞെട്ടിച്ചപ്പോൾ തന്റെ ആദ്യത്തെ ഐപിൽ വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിച്ചു. വളരെ ഏറെ മികവോടെ സ്ഥിരമായി 150കിലോമീറ്റർ പ്ലസ് സ്പീഡിൽ പന്തെറിഞ്ഞ താരം പടിക്കൽ, ഗ്ലെൻ മാക്സ്വെൽ എന്നിവരെ മിഡിൽ ഓവറുകളിൽ സമ്മർദ്ദത്തിലാക്കി. കൂടാതെ മത്സരത്തിൽ മറ്റൊരു പ്രധാന റെക്കോർഡ് കൂടി താരം സ്വന്തമാക്കി. ബാംഗ്ലൂർ ഇന്നിംഗ്സിലെ ഏഴാം ഓവറിൽ നായകൻ വില്യംസൺ പന്തേൽപ്പിച്ചപ്പോൾ താരം തന്റെ രണ്ടാം ഓവറിൽ തന്നെ നിർണായക വിക്കറ്റ് വീഴ്ത്തി.മികച്ച ഫോമിലുള്ള ശ്രീകാർ ഭരത് വിക്കറ്റ് വീഴ്ത്തുവാൻ താരത്തിന് സാധിച്ചു.
ഇന്നലെ മത്സരത്തിൽ 6 ഡോട്ട് ബോൾ അടക്കം എറിഞ്ഞ താരം 4 ഓവറിൽ വെറും 21 റൺസ് വഴങ്ങിയാണ് വിക്കറ്റ് വീഴ്ത്തിയത്. അതേസമയം തന്റെ രണ്ടാം ഓവറിൽ തന്നെ 152,153 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ യുവ താരം താൻ ഭാവി ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. താരം പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ലോകം കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്. ഐപിൽ 2021ലെ ഏറ്റവും സ്പീഡിൽ ബൗൾ എറിഞ്ഞ റെക്കോർഡും താരം കരസ്ഥമാക്കി.കൂടാതെ ഐപിഎല്ലിലെ ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളറുടെ ഏറ്റവും വേഗതയേറിയ ബൗൾ എന്നൊരു നേട്ടം കൂടി താരം സ്വന്തമാക്കി.2019 ഐപിഎൽ സീസണിൽ നവദീപ് സെയ്‌നി സൃഷ്ടിച്ച റെക്കോർഡാണ് താരം മറികടന്നത്
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളർ എറിഞ്ഞ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ യുവതാരം ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയിൽ നിന്നും പ്രശംസകൾ നേടി. ഒരു ഇന്ത്യൻ പേസർ 150+കിലോമീറ്റർ സ്പീഡിൽ ബൗൾ എറിയുന്നത് സന്തോഷമാണ് നൽകുന്നത് എന്നും കോഹ്ലി ഇന്നലത്തെ മത്സരശേഷം പറഞ്ഞു