ഇറ്റലിയെ പിടിച്ചുകെട്ടി സ്പെയിന്‍ നേഷന്‍ ലീഗ് ഫൈനലില്‍

യുവേഫ നേഷന്‍ ലീഗില്‍ ഇറ്റലിയെ തോല്‍പ്പിച്ചു സപെയ്ന്‍ ഫൈനലില്‍ എത്തി. സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിനിന്‍റെ വിജയം. ഫെറാന്‍ ടോറസിന്‍റെ ഇരട്ട ഗോളില്‍ ഇറ്റലിയുടെ തുടര്‍ച്ചയായ 37ാം തോല്‍വിയില്ലാത്ത മത്സരത്തിനാണ് അറുതി വരുത്തിയത്.

FB IMG 1633571319463

നേഷന്‍ ലീഗ് ഫൈനലില്‍ ഫ്രാന്‍സ് – ബെല്‍ജിയം മത്സരത്തിലെ വിജയിയെ നേരിടും. 17ാം മിനിറ്റില്‍ സ്പെയിനാണ് മത്സരത്തില്‍ മുന്നില്‍ എത്തിയത്. ഒയർസബാളിന്റെ ക്രോസിൽ നിന്നായിരുന്നു ഫെറൻ ടോറസിന്റെ ഹെഡര്‍ ഗോൾ. ആദ്യ പകുതിയുടെ അവസാനം രണ്ടാം മഞ്ഞ കാര്‍ഡ് വഴങ്ങി ബൊണൂച്ചി പുറത്തായതോടെ ഇറ്റലി പത്തു പേരിലേക്ക് ചുരുങ്ങി. സെര്‍ജിയോ ബുസ്കെറ്റസിനെ ഫൗള്‍ ചെയ്തതിനാണ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടത്.

രണ്ടാം പകുതിയില്‍ വീണ്ടും ഒയർസബാളിന്റെ ക്രോസിൽ നിന്നും ഫെറാന്‍ ടോറസ് ലീഡ് ഇരട്ടിയാക്കി. 83ആം മിനുട്ടിൽ പെലെഗ്രിനി ഇറ്റലിക്കായി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാനായില്ല. ഇക്കഴിഞ്ഞ യൂറോകപ്പില്‍ സ്പെയിനിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് ഇറ്റലി ഫൈനലില്‍ കടന്നത്.