ഇന്ത്യൻ ടീമിൽ സമീപകാലത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയും ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന കാര്യം പുറത്തുവന്നിരുന്നു. കോഹ്ലിയുടെ ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻസി നഷ്ടമാകാൻ കാരണം സൗരവ് ഗാംഗുലിയാണ് എന്ന് പോലും അഭ്യൂഹങ്ങൾ പടർന്നിരുന്നു. ഇതിനുള്ള ഉത്തരം നൽകുന്ന ഒരു പ്രവർത്തിയാണ് ഡൽഹിയുടെ ബാംഗ്ലൂരിനെതിരായ മത്സരത്തിന് അവസാനം നടന്നത്. മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം നൽകുന്നത് ക്രിക്കറ്റിന്റെ ഒരു ശീലമാണ്. എന്നാൽ നിലവിലെ ഡൽഹിയുടെ ടീം ഡയറക്ടറായ സൗരവ് ഗാംഗുലി വിരാട് കോഹ്ലിയുടെ ഹസ്തദാനം നിഷേധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
മത്സരത്തിൽ വളരെ ആധികാരികമായ വിജയമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയത്. മത്സരശേഷം ഇരു ടീമുകളുടെയും താരങ്ങൾ വരിവരിയായി നിന്ന് ഹസ്തദാനം നൽകുകയുണ്ടായി. ഇതിനിടെയാണ് വിരാട് കോഹ്ലി തന്റെ അടുത്തേക്ക് വന്നപ്പോൾ, സൗരവ് ഗാംഗുലി പിന്നിലേക്ക് മാറി അടുത്ത ആൾക്ക് ഹസ്തദാനം നൽകി പോയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഡുപ്ലസിയ്ക്ക് ഹസ്തദാനം നൽകിയ ശേഷമാണ് ഗാംഗുലി വിരാടിന് ഹസ്തദാനം നിഷേധിച്ചത്. ശേഷം പോണ്ടിംഗ് ഇക്കാര്യം വിരാട് കോഹ്ലിയുമായി സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന തുടക്കമാണ് ബാംഗ്ലൂർ ഓപ്പൺമാർ നൽകിയത്. ബാംഗ്ലൂരിനായി വിരാട് കോഹ്ലി 34 പന്തുകളിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 റൺസ് നേടുകയുണ്ടായി. ഒപ്പം മുൻനിര തരക്കേടില്ലാത്ത സംഭാവന ബാംഗ്ലൂരിന് നൽകി. മധ്യനിര മികച്ച രീതിയിൽ ഫിനിഷ് ചെയ്തില്ലെങ്കിലും ഇന്നിംഗ്സിൽ 174 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നു.
മറുപടി ബാറ്റിംഗിൽ ഒരു ദുരന്ത തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. വമ്പൻ പ്രതീക്ഷയായിരുന്ന പൃഥ്വി ഷായും(0) മിച്ചൽ മാർഷും(0) യാഷ് ധള്ളും(1) തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. വാർണർ(19) അല്പസമയം പിടിച്ചുനിന്നെങ്കിലും ഇന്നിങ്സ് മുൻപോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. 38 പന്തുകളിൽ 50 റൺസ് നേടിയ മനീഷ് പാണ്ടെ മാത്രമായിരുന്നു ഡൽഹിക്കായി അല്പമെങ്കിലും പൊരുതിയത്. മത്സരത്തിൽ 23 റൺസിനാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയം കണ്ടത്. ഡൽഹിയുടെ സീസണിലെ തുടർച്ചയായ അഞ്ചാം പരാജയമാണിത്.