നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ തന്നെയാണ് വിരാട് കോഹ്ലി. ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും തന്റെ പ്രാഗൽഭ്യം കോഹ്ലി മുൻപ് തന്നെ തെളിയിക്കുകയുണ്ടായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏറ്റവുമധികം സെഞ്ചുറികൾ വാരിക്കൂട്ടിയ ബാറ്റർ വിരാട് കോഹ്ലി തന്നെയാണ്. ഏകദിനങ്ങളിലും ട്വന്റി20കളിലും വിരാട് കോഹ്ലിക്ക് മറ്റൊരു എതിരാളിയില്ല എന്ന് തന്നെ പറയാൻ സാധിക്കും. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ താനല്ല മികച്ച കളിക്കാരൻ എന്ന് സമ്മതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് മത്സരങ്ങളിലേക്ക് വരുമ്പോൾ രാജാവ് എന്നാണ് വിരാട് കോഹ്ലി പറയുന്നത്.
സ്റ്റീവ് സ്മിത്തിന്റെ കഴിഞ്ഞ സമയങ്ങളിലെ മികച്ച പ്രകടനങ്ങൾ പരിശോധിച്ചശേഷമാണ് വിരാട് കോഹ്ലി തന്റെ പ്രസ്താവന അറിയിച്ചിരിക്കുന്നത്. ഈ തലമുറയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് സ്റ്റീവ് സ്മിത്താണ് എന്ന് കോഹ്ലി സമ്മതിക്കുന്നു. “ഈ തലമുറയിൽ സ്റ്റീവ് സ്മിത്തിന് അടുത്തുവരുന്ന മറ്റൊരു ടെസ്റ്റ് ബാറ്റർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്മിത്ത് പെട്ടെന്നു തന്നെ സാഹചര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് കളിക്കാനും സാധിക്കുന്ന അപൂർവ്വം ചില കളിക്കാരിൽ ഒരാളാണ്. അതിന് ഉദാഹരണമാണ് അദ്ദേഹം ടെസ്റ്റ് മത്സരങ്ങളിൽ നേടിയിട്ടുള്ള വലിയ റെക്കോർഡ്.”- കോഹ്ലി ചൂണ്ടിക്കാട്ടുന്നു.
“ഇതുവരെ 85ലധികം ടെസ്റ്റ് മത്സരങ്ങൾ സ്മിത്ത് കളിക്കുകയുണ്ടായി. എന്നിട്ടും അവന്റെ ശരാശരി 60 റൺസിന് അടുത്താണ്. ഈ കണക്കുകൾ അവിശ്വസനീയം തന്നെയാണ്. ഞങ്ങളുടെ തലമുറയിൽ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ സ്മിത്ത് തന്നെയാണ് എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല.”-കോഹ്ലി പറഞ്ഞുവെക്കുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിലും മികച്ച പ്രകടനം തന്നെയായിരുന്നു സ്മിത്ത് കാഴ്ചവച്ചത്. മത്സരത്തിൽ 268 പന്തുകൾ നേരിട്ട സ്മിത്ത് 121 റൺസ് നേടുകയുണ്ടായി.
തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിൽ 97 മത്സരങ്ങൾ സ്മിത്ത് ഇതുവരെ കളിച്ചിട്ടുണ്ട്. 60.2 ആണ് സ്മിത്തിന്റെ ശരാശരി. 1913 ടെസ്റ്റ് റൺസുകളാണ് സ്റ്റീവൻ സ്മിത്ത് നേടിയിട്ടുള്ളത്. തന്റെ കരിയറിൽ 31 സെഞ്ച്വറികളും 37 അർത്ഥസെഞ്ചറികളും സ്മിത്ത് നേടുകയുണ്ടായി. എന്തായാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് വലിയ തലവേദന തന്നെയാണ് സ്മിത്ത് സമ്മാനിച്ചത്. സ്മിത്തിന്റെയും ഹെഡിന്റെയും മികവിലായിരുന്നു ഓസ്ട്രേലിയ മത്സരത്തിൽ മേൽക്കൈ നേടിയെടുത്തത്.